photo

ആലപ്പുഴ : തീരദേശവാസികളുടെ പുനരധിവാസം ലക്ഷ്യമാക്കി പുറക്കാട് വില്ലേജിലെ തോട്ടപ്പള്ളി മണ്ണുപുറത്ത് പൂർത്തിയാകുന്ന ഫ്‌ളാറ്റിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ.

17ബ്ലോക്കുകളിലായി നിർമ്മിക്കുന്ന 228 വ്യക്തിഗത ഫ്‌ളാറ്റുകളുടെ ഘടനാപരമായ ജോലികൾ പൂർത്തിയായി. പ്ലാസ്റ്ററിംഗ്, വൈദ്യുതീകരണം, പ്ലംബിംഗ് എന്നിവയും കഴിഞ്ഞു. വെള്ളപൂശൽ ജോലികൾ പുരോഗിക്കുന്നു. റോഡ്, വേസ്റ്റ്മാനേജ്മെന്റ്, ഡ്രൈനേജ് ജോലികൾ തീർത്ത്

മൂന്ന് മാസത്തിനുള്ളിൽ മത്സ്യത്തൊഴിലാളികൾക്ക് കൈമാറാനാകുമെന്നാണ് പ്രതീക്ഷ.

സർക്കാർ പുറമ്പോക്കിൽ നിന്ന് ഫിഷറീസ് വകുപ്പിന് കൈമാറിയ 3.49 ഏക്കർ ഭൂമിയിലാണ് പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി കേരള തീരദേശ വികസന കോർപ്പറേഷൻ ആധുനിക ഫ്‌ളാറ്റ് സമുച്ചയം നിർമ്മിക്കുന്നത്.

വ്യക്തിഗത ഫ്‌ളാറ്റ്

# ഓരോ ബ്ലോക്കിലും 12 വ്യക്തിഗത ഫ്‌ളാറ്റ് സമുച്ചയങ്ങളാണുള്ളത്

# 491ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഓരോ വ്യക്തിഗത ഫ്‌ളാറ്റിലും രണ്ട് കിടപ്പുമുറി, ഒരു അടുക്കള, ഒരു ലിവിംഗ് /ഡൈനിംഗ് ഏരിയ, ടോയ്‌ലറ്റ് എന്നിവയുണ്ട്

# ഏകീകൃത കുടിവെള്ള സംവിധാനവും ഒരു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കും

# ചുറ്റുമതിൽ, ഇന്റർലോക്ക് പാകിയ നടപ്പാതകൾ, ടാർ റോഡ് എന്നിവയും ഒരുക്കും

സുരക്ഷിത പുനർഗേഹം

1. വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്റർ പരിധിയിൽ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിതമായി പുനരധിവസിപ്പിക്കാൻ ഫിഷറീസ് വകുപ്പ് വിഭാവനം ചെയ്ത പദ്ധതിയാണ് പുനർഗേഹം

2. ഗുണഭോക്താവിന് ഭൂമി വാങ്ങാനും ഭവന നിർമ്മാണത്തിനും കൂടി പരമാവധി 10 ലക്ഷം രൂപ നൽകും. ഇതിൽ ഭൂമിക്ക് ആറ് ലക്ഷവും ഭവന നിർമ്മാണത്തിന് നാലുലക്ഷവും വിനിയോഗിക്കാം

3.ഭൂമി വാങ്ങാൻ ആറ് ലക്ഷത്തിൽ കുറവാണ് ചെലവാകുന്നതെങ്കിൽ ബാക്കി ഭവന നിർമ്മാണത്തിന് ഉപയോഗിക്കാം. ഭൂമിയുടെ രജിസ്‌ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ഒഴിവാക്കിയിട്ടുണ്ട്. രണ്ട് സെന്റിൽ കുറയാത്ത ഭൂമിയും 400 സ്‌ക്വയർ ഫീറ്റിൽ കുറയാത്ത വാസയോഗ്യമായ വീടും വാങ്ങുമ്പോൾ 10 ലക്ഷം രൂപ അനുവദിക്കും