ഔദ്യോഗിക പ്രഖ്യാപനം 11ന്

ആലപ്പുഴ : സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായുള്ള സ്വച്ഛ് സർവേഷൻ സർവേയിൽ സംസ്ഥാനത്തെ മികച്ച ശുചിത്വനഗരമായി ആലപ്പുഴ തിരഞ്ഞെടുക്കപ്പെട്ടു. 2022 - 23ൽ നഗരസഭാ ചെയർപേഴ്സണായിരുന്ന സൗമ്യാരാജിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ വിവിധ ശുചിത്വപ്രവർത്തനങ്ങൾ മുൻനിർത്തിയാണ് അംഗീകാരം.

11ന് ഡൽഹിയിലാകും ഔദ്യോഗികപ്രഖ്യാപനം. അന്ന് തന്നെ നഗരസഭാ ചെയർപേഴ്സൺ കെ.കെ.ജയമ്മയും സെക്രട്ടറി മുംതാസും അവാർഡ് സ്വീകരിക്കും. 2012ൽ ആരംഭിച്ച നിർമ്മല ഭവനം , നിർമ്മല നഗരം പദ്ധതിയുടെ ഭാഗമായി തുടക്കം കുറിച്ച ഉറവിടമാലിന്യ സംസ്കരണ പദ്ധതിയുടെ രണ്ടാം പതിപ്പായി സൗമ്യരാജിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച 'അഴകോടെ ആലപ്പുഴ' എന്നപദ്ധതി വൻവിജയമായിരുന്നു. സംസ്ഥാന സർക്കാരിന്റെ നവകേരള പുരസ്കാരം, കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്റെ പ്രഥമ ഐ.എസ്.എൽ പുരസ്കാരം, മനിലയിൽ നടന്ന അന്താരാഷ്ട്ര സീറോ വേസ്റ്റ് സിറ്റീസ് കോൺഫറൻസിൽ പ്രോജക്ട് അവതരിപ്പിക്കാനുള്ള ക്ഷണം, കേരളത്തിലെ ആദ്യ സമ്പൂർണ്ണ ശുചിത്വ നഗരം പദവി, ഖരമാലിന്യ സംസ്കരണത്തിൽ ഹൈക്കോടതിയുടെ പ്രശംസ തുടങ്ങിയ അംഗീകാരങ്ങൾക്ക് പുറമേയാണ് നിർമ്മല ഭവനം - നിർമ്മല നഗരം 2.0 അഴകോടെ ആലപ്പുഴ പദ്ധതിയുടെ പുതിയ ദേശീയ പുരസ്കാരലബ്ധി.

നഗരസഭയുടെ പഴയ മാലിന്യ സംസ്കരണ കേന്ദ്രമായ സർവോദയപുരത്ത് ബയോമൈനിംഗ് പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. 12 ഏക്കറിലായി പരന്നുകിടക്കുന്ന പ്ളാന്റിൽ 50 ശതമാനം മാലിന്യം വേർതിരിക്കൽ പ്രവൃത്തികളും പൂ‌ർത്തിയാക്കാൻ കഴിഞ്ഞു. തുടർ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച ഇപ്പോഴത്തെ ചെയർപേഴ്സൺ കെ.കെ.ജയമ്മ, വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ , സെക്രട്ടറി മുംതാസ് എന്നിവരുടെ നേതൃത്വത്തിൽ കൗൺസിലർമാരുടെയും നോഡൽ ഓഫീസർ ജയകുമാറുൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ കൂട്ടായ്മയുടെയും വിജയം കൂടിയാണിത്.

അഴകോടെ ആലപ്പുഴ

1. ഹരിതകർമ്മസേനയുടെ സഹായത്തോടെ നഗരത്തിലെ മുഴുവൻ വീടുകളിലും നിന്ന് മാലിന്യങ്ങൾ ശേഖരിക്കാനും തരംതിരിച്ച് സംസ്കരിക്കാനും സംവിധാനം സജ്ജമാക്കാനായി

2. മുഴുവൻ വീടുകളിലും സമ്പൂർണ ഉറവിടമാലിന്യ സംസ്‌കരണം ഉറപ്പാക്കി. വീടുവീടാന്തരം കയറി അജൈവമാലിന്യ ശേഖരണവും ശുചീകരണ പ്രവർ‌ത്തനങ്ങളും ശക്തമാക്കിയതിനൊപ്പം ഹരിത കർമ്മസേനക്ക് യൂസർഫീ ഇനത്തിൽ വരുമാനവും ഉറപ്പാക്കി

3. 2023 ജൂണിലാണ് ആലപ്പുഴയെ സംസ്ഥാനത്തെ ആദ്യ സമ്പൂർണ ശുചിത്വ മണ്ഡലമായി മന്ത്രി എം.ബി.രാജേഷ് പ്രഖ്യാപിച്ചത്. നിർമ്മലഭവനം, നിർമ്മല നഗരം 2.0, അഴകോടെ ആലപ്പുഴ പദ്ധതികൾ ആസൂത്രണം ചെയ്താണ് ഈ പദവിയിലേക്കെത്തിയത്

4.സംസ്ഥാന സർക്കാരിന്റെ വലിച്ചെറിയൽ വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ഖരമാലിന്യ സംസ്കരണ രംഗത്ത് ശാസ്ത്രീയവും ദിശാബോധവുമുള്ള പ്രവർത്തനമാണ് നഗരസഭ നടത്തിയത്.

3.7

2022-23 വാർഷിക പദ്ധതിയിൽ ശുചിത്വ മിഷന്റെ സഹായത്തോടെ 3.7 കോടി രൂപയാണ് ശുചീകരണത്തിനും കനാലുകളുടെ സൗന്ദര്യവൽക്കരണത്തിനുമായി ചെലവിട്ടത്