
ആലപ്പുഴ: പ്രീമിയം കഫേ ഔട്ട്ലറ്റിനായി സംരംഭകരെ തേടി കുടുംബശ്രീ. ആലപ്പുഴ നഗരത്തിൽ വിൽപ്പന സാദ്ധ്യതയുള്ള സ്ഥലത്ത് കഫേ ഔട്ട്ലെറ്റ് ആരംഭിക്കാനാണ് ആലോചനയെങ്കിലും അനുയോജ്യമായ സ്ഥലമില്ലാത്തതാണ് വെല്ലുവിളി. നവീകരണം നടക്കുന്നതിനാൽ ദേശീയപാതയോരത്ത് പാർക്കിംഗ് സൗകര്യത്തോടെയുള്ള സ്ഥലം കിട്ടാനില്ല. നഗരത്തിൽ ജില്ലാപഞ്ചായത്തിന്റെ ഷീ ലോഡ്ജ് പ്രവർത്തിച്ചിരുന്ന കെട്ടിടം ഉൾപ്പെടെ പരിഗണനയിലുണ്ടെങ്കിലും പ്രീമിയം കഫേയുടെ ആദ്യഘട്ട ഉദ്ഘാടനമായ 25ന് മുമ്പ് സൗകര്യങ്ങൾ സജ്ജമാക്കാൻ കടമ്പകളേറെ കടക്കണം. രണ്ടാംഘട്ടത്തിലെങ്കിലും ആലപ്പുഴയിലും പ്രീമിയം കഫേ സജ്ജമാക്കാനാണ് കുടുംബശ്രീയുടെ പരിശ്രമം.
പുതിയ ബ്രാൻഡ്
വിപുലമായ സൗകര്യവും ഗുണമേന്മയും ഉറപ്പാക്കിയാകും പ്രീമിയം കഫേ തുറക്കുക. കുറഞ്ഞത് 50 പേർക്ക് ഭക്ഷണം കഴിക്കാൻ ശീതീകരിച്ച സൗകര്യമുണ്ടാകും. രാത്രി വൈകിയും പ്രവർത്തനം ഉണ്ടാകുമെന്നതാണ് പ്രത്യേകത. കുടുംബശ്രീ സംരംഭകരുടെ ഭക്ഷണശാലകൾ, കാന്റീനുകൾ, കാറ്ററിംഗ് സർവീസുകൾ, പിങ്ക് കഫേ, ജനകീയ ഹോട്ടലുകൾ എന്നിവക്ക് പുറമെയാണ് പുതിയ ബ്രാൻഡ്.
അമ്പത് സീറ്റുകളും അരലക്ഷം രൂപയുടെ കച്ചവടവും
1.കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ, സഹായസംഘങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. ഒരു യൂണിറ്റിന് 20 ലക്ഷംവരെ ധനസഹായം കിട്ടും. അഞ്ചു ലക്ഷം ബ്രാൻഡിങ്ങിനായും അനുവദിക്കും. സ്ഥലം, സൗകര്യം എന്നിവ പരിഗണിച്ചാകും തുക കണക്കാക്കുക
2. നിലവിലെ ജനകീയ ഹോട്ടലുകൾ പ്രീമിയം കഫേയാക്കി വിപുലീകരിക്കാനും ധനസഹായം കിട്ടും. അമ്പത് സീറ്റുകളും അരലക്ഷം രൂപയുടെ കച്ചവടവും ഉറപ്പാക്കണമെന്നുമാത്രം
3. സംരംഭകർക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കാൻ അത്യാധുനിക സൗകര്യത്തോടെയാവും ഭക്ഷണശാല ഒരുക്കുക.തിരക്കേറിയ സ്ഥലങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രധാന പാതയോരങ്ങൾ എന്നിവിടങ്ങളിൽ അംഗങ്ങൾ രണ്ട് ഷിഫ്റ്റായായി രാത്രി 12വരെ പ്രവർത്തിക്കണം
4.സ്ഥലം, കെട്ടിടം എന്നിവ കണക്കാക്കിയാണ് തുക തീരുമാനിക്കുക. നിലവിലെ യൂണിറ്റുകൾ അപ്ഗ്രേഡ് ചെയ്യാൻ 10 ലക്ഷവും അനുവദിക്കും. തിരഞ്ഞെടുക്കുന്നവർക്ക് വിവിധതലങ്ങളിൽ പരിശീലനം നൽകും
5.ശുചിത്വമുള്ള അന്തരീക്ഷമാണ് പ്രധാനം. പ്രത്യേക വിഭവങ്ങൾ ഉണ്ടായിരിക്കണം. വയോജനങ്ങൾ, അംഗപരിമിതർ, കുട്ടികൾ എന്നിവർക്ക് പ്രത്യേക സൗകര്യം വേണം
പ്രീമിയം കഫേയിൽ
.....................
ആലപ്പുഴ നഗരത്തിൽ യോജിച്ച സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. എത്രയും വേഗം സ്ഥലം കണ്ടെത്തി കഫേ പ്രവർത്തനക്ഷമമാക്കും
- കുടുംബശ്രീ ജില്ലാമിഷൻ ഓഫീസ്, ആലപ്പുഴ