ph

കായംകുളം : കായംകുളം - കാർത്തികപ്പള്ളി റോഡിലെ ദുരിതയാത്രയ്ക്കെതിരെ പ്രതിഷേധമുയരുന്നു. പൊട്ടിത്തകർന്ന് റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് ഒരു വർഷം പിന്നിട്ടിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്തതിനെതിരെയാണ് വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുള്ളത്.

കാരാറുകാരൻ പിൻമാറിയെന്നാണ് നിർമ്മാണം ഇഴയുന്നതിൽ അധികൃതരുടെ വിശദീകരണം. യാത്രികർ കുഴിയിൽ വീണ് അപകടങ്ങൾ പരമ്പരയായി മാറിയിട്ടും റീ ടാർ ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല. കായംകുളത്തിന് പടിഞ്ഞാറോട്ടുള്ള ഏറെ തിരക്കേറിയ റോഡാണിത്. കൊച്ചിയുടെ ജെട്ടി പാലവും, അഴീക്കൽ പാലവും വന്നതോടെ തീരദേശ പ്രദേശങ്ങളിലുള്ളവർക്ക് കായംകുളത്തേക്ക് വരുവാനുള്ള പ്രധാന മാർഗവുമാണ്.

കോളേജ് ജംഗ്ഷൻ മുതൽ പുല്ലുകുളങ്ങര വരെ റോഡ് പൂർണമായും തകർന്നു കിടക്കുകയാണ്. കോളേജ് ജംഗ്ഷൻ, കരുവിൽ പീടിക, ഐക്യജംഗ്ഷൻ, ഞാവക്കാട്, പുളിമുക്ക്, മുഴങ്ങോടിക്കാവ് എന്നിവിടങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. രാത്രി കാലങ്ങളിലാണ് അപകടങ്ങൾ കൂടുതലും.

എത്രയും വേഗം പുനർനിർമ്മിക്കണം

കഴിഞ്ഞ രണ്ടു വർഷത്തോളമായി കോളേജ് ജംഗ്ഷൻ മുതൽ പുല്ലുകുളങ്ങര വരെ തകർന്നു കിടക്കുന്ന റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് കായംകുളം വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധവും ധർണയും നടത്തി. കെ.പി.സി.സി സെക്രട്ടറി എൻ.രവി ഉദ്ഘാടനം ചെയ്തു.

തകർന്നു കിടക്കുന്നത് പ്രധാന പാത

റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായിട്ട് ഒരു വർഷത്തിലേറെയായിട്ടും പി.ഡബ്ല്യു.ഡി അധികൃതരോ ജനപ്രധിനിധികളോ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ജനകീയ പ്രതികരണവേദി ആരോപിച്ചു . കായംകുളത്ത് നിന്ന് അഴീക്കൽ ബീച്ച്, ആറാട്ടുപുഴ,തൃക്കുന്നപ്പുഴ, കണ്ടല്ലൂർ, മുതുകുളം, കാർത്തികപ്പള്ളി ഭാഗത്തേക്കുള്ള ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന സംസ്ഥാന പാതയാണിത്. യോഗത്തിൽ പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.