
ഒരുവർഷത്തിനകം പുതിയപാലം
വള്ളികുന്നം : നാടിന്റെ ചിരകാല സ്വപ്നമായ ചത്തിയറപ്പാലത്തിന്റെ നിർമ്മാണജോലികൾ നാളെ തുടങ്ങും. നിർമ്മാണത്തിന്റെ ഭാഗമായി നിലവിലെ പാലം നാളെ രാവിലെ പത്തുമണിക്കുശേഷം പൊളിച്ചുനീക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. പാലം പൊളിക്കുന്നതിന്റെ മുന്നോടിയായി താമരക്കുളത്ത് നിന്ന് കാഞ്ഞിരത്തുംമൂട് വഴി ഓച്ചിറ , കരുനാഗപ്പള്ളി റൂട്ടുകളിലേക്ക് ബസ് സർവീസുകളുൾപ്പെടെയുള്ള വാഹനങ്ങളുടെ ഗതാഗതം ചക്കുവള്ളി, ചാരുംമൂട് റൂട്ടുകൾ വഴി തിരിച്ചുവിടും. ഓച്ചിറ, കായംകുളം, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് താമരക്കുളത്തേക്കുള്ള സർവീസുകൾ കാഞ്ഞിരത്തുംമൂട്ടിൽ അവസാനിപ്പിച്ചേക്കും.
നിലവിലെ പാലം പൊളിച്ച് മാറ്റുന്നതിന് മുന്നോടിയായി ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ചെറിയ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കുമായി നിർമ്മിച്ച താൽക്കാലിക പാലം ഗതാഗതത്തിനായി തുറന്നു. സ്റ്റീൽ ഫ്രെയിമിൽ ഇരുമ്പ് ഷീറ്റ് വിരിച്ച് ഇരുവശവും മണ്ണിട്ട് ഉയർത്തിയാണ് താൽക്കാലിക പാലത്തിന്റെ നിർമ്മാണം.
70 വർഷത്തിലധികം പഴക്കം
ആലപ്പുഴ- കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന താമരക്കുളം- വെറ്റമുക്ക് റോഡിൽ ചത്തിയറ പുഞ്ചയിലെ നെടുംതോടിന് കുറുകെയാണ് ചത്തിയറ പാലം. ഇരുവശത്തെയും റോഡുകൾ വീതികൂട്ടി നവീകരിച്ചതോടെ 70 വർഷത്തിലധികം പഴക്കമുള്ള പാലം കുപ്പിക്കഴുത്തുപോലാകുകയും കാലപ്പഴക്കത്തിൽ ബലക്ഷയം നേരിടുകയും ചെയ്തപ്പോൾ നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് പൊളിച്ചുപണിയാൻ തീരുമാനിച്ചത്. വലിയ വാഹനത്തിന് കഷ്ടിച്ച് കടന്നുപോകാവുന്ന അപ്രോച്ച് റോഡ് എറെനാളായി തകർന്നുകിടക്കുന്നതിനാൽ ഇവിടെ അപകടങ്ങളും പതിവായിരുന്നു.
4.30
മാവേലിക്കര എം.എൽ.എ എം.എസ് അരുൺകുമാറിന്റെ ഇടപെടലിനെ തുടർന്ന് 4.30 കോടി രൂപയാണ് പാലത്തിന്റെ നിർമ്മാണത്തിനായി അനുവദിച്ചിട്ടുള്ളത്
പുതിയ പാലം
നീളം : 21.60 മീറ്റർ
വീതി : ആകെ11 മീറ്റർ
കാരേജ് വേ : 7.50 മീറ്റർ
നടപ്പാത (ഇരുവശങ്ങളിലും)-1.50 മീറ്റർ വീതം
സ്പാൻ : 1
അപ്രോച്ച് റോഡ് : 120 മീറ്റർ നീളം ( ഇരുവശവും സഹിതം)
അടങ്കൽ തുക : 4.30 കോടി
ഒരുവർഷത്തിനകം നിർമ്മാണം പൂർത്തിയാക്കാനാണ് കരാർ. നാളെ പാലം പൊളിച്ചുനീക്കൽ ആരംഭിക്കും. പാലം പൊളിച്ചുനീക്കിയാലുടൻ ഇരുവശങ്ങളിലും പൈലിംഗ് നടത്തി സ്പാനുകൾ സ്ഥാപിച്ച് നിർമ്മാണം തുടങ്ങും
- അസി. എൻജിനീയർ, പൊതുമരാമത്ത് പാലം വിഭാഗം