ആലപ്പുഴ : കൂട്ടായ പരിശ്രമത്തിലൂടെ ആലപ്പുഴയെ അഴകാർന്ന നഗരമാക്കിയതിന്റെ ചാരുതാർത്ഥ്യത്തിലാണ് നഗരസഭാ മുൻ അദ്ധ്യക്ഷ സൗമ്യരാജ്. മുൻമന്ത്രി​ ഡോ.ടി.എം.തോമസ് ഐസക് ആവിഷ്‌കരിച്ച് നടപ്പാക്കിയ നിർമ്മല ഭവനം നിർമ്മല നഗരം പദ്ധതിയുടെ രണ്ടാം പതിപ്പായാണ് അഴകോടെ ആലപ്പുഴ എന്ന പേരിൽ സമ്പൂർണ്ണ ശുചിത്വ ക്യാമ്പെയിൻ ആരംഭിച്ചത്. കേരളത്തിലാദ്യമായി നടത്തിയ ഡിജിറ്റൽ ശുചിത്വ സർവ്വേയോടു കൂടിയാണ് 2020ലെ ഗാന്ധിജയന്തി ദിനത്തിൽ അഴകോടെ ആലപ്പുഴ പദ്ധതിക്ക് തുടക്കം. മാലിന്യ സംസ്‌കരണ ഉപാധികൾ ഉപയോഗിക്കാത്ത കുടുംബങ്ങളെ അടയാളപ്പെടുത്തുകയും അവർക്ക് 90ശതമാനം സബ്സിഡിയോടെ ഉറവിട മാലിന്യ സംസ്‌കരണ ഉപാധികൾ നൽകുകയും ചെയ്തു. 37ഇന ജനകീയകർമ്മ പരിപാടികളിലുടെ കൗൺസിലർമാരും ജീവനക്കാരും സി.ഡി.എസ് പ്രവർത്തകരും ബഹുജന,സാംസ്‌കാരിക സംഘടനകളും പൊതുജനങ്ങളും ഒത്തൊരുമയോടെ പ്രവർത്തിച്ചാണ് സമ്പൂർണ്ണ ശുചിത്വ നഗരമെന്ന പദവി കൈവരിച്ചത്. ശുചിത്വ മേഖലയിൽ ആലപ്പുഴ നഗരസഭ കൈവരിച്ച പുരസ്‌കാരങ്ങൾ എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിനുള്ള അംഗീകാരമാണെന്നും നേട്ടം നിലനിർത്താനുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നും സൗമ്യരാജ് പറഞ്ഞു.