ആലപ്പുഴ : സ്ത്രീധനപീഡന പരാതികളിലെ നടപടിക്രമങ്ങളിൽ പൊലീസ് സ്റ്റേഷനുകളിൽ അനാവശ്യ കാലതാമസം പാടില്ലെന്ന് നിയമസഭാസമിതി നിർദ്ദേശിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ട്രാൻസ്ജെൻഡറുകളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യു. പ്രതിഭ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന തെളിവെടുപ്പിലാണ് സമി​തി​ ഇക്കാര്യം പറഞ്ഞത്. പൊലീസ് സ്റ്റേഷനിലേക്ക് വരുന്ന പരാതികളിൽ ഒരുപക്ഷം ചേർന്നു ഉദ്യോഗസ്ഥർ അനാവശ്യമായി ഇടപെടരുത്. സമിതിയ്ക്ക് ലഭിച്ച പരാതികൾ സ്ത്രീധനവുമായി ബന്ധപ്പെട്ട സമിതിയുടെ സ്പെഷ്യൽ റിപ്പോർട്ടായി നൽകുമെന്നും തുടർന്നുവരുന്ന സമിതി യോഗങ്ങളിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും വ്യക്തമാക്കി. തെറ്റിദ്ധാരണയുടെ പുറത്ത് അറസ്റ്റ് ചെയ്യുന്ന കേസുകളിൽ പൊലീസ് സംയമനത്തോടെ ഇടപെടണം. ഭർത്താവിനെ കാണാനില്ലെന്ന പരാതി നൽകാൻ എത്തിയ യുവതി നേരിട്ട പീഡനത്തെക്കുറി​ച്ചുള്ള പരാതിയിൽ ഡി.ജി.പി അടക്കമുള്ള ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് സ്പെഷ്യൽ സിറ്റിംഗ് നടത്തും.

പി.ഡബ്ല്യു.ഡി ഓവർസിയർ പട്ടികയിൽ നിന്ന് പി.എസ്.സി തന്നെ ഒഴിവാക്കിയെന്ന് ഭിന്നശേഷിക്കാരനായ വ്യക്തി നൽകിയ പരാതിയിൽ സ്പെഷ്യൽ തെളിവെടുപ്പ് നടത്തുമെന്നും പി.എസ്.സിയോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും വ്യക്തമാക്കി.

കോളേജ് അധികൃതരുടെയും മാനേജ്മെന്റിന്റെയും പീഡനത്തിനെതിരെ കാർമൽ പോളിടെക്നിക്കിലെ ക്ലാർക്ക് നൽകിയ പരാതിയിൽ പരിഹാരം കണ്ടെന്നും അറിയിച്ചു. ഒമ്പത് പരാതികളാണ് സമിതി പരിഗണിച്ചത്. ഇതിൽ ഒന്ന് തീർപ്പാക്കി. സമിതിഅംഗങ്ങളും എം.എൽ.എമാരായ സെബാസ്റ്റ്യൻ കളത്തുങ്കൽ, ഒ.എസ്.അംബിക, കെ.ശാന്തകുമാരി, ദലീമ ജോജോ, സി.കെ.ആശ എന്നിവർ പങ്കെടുത്തു.