
മാന്നാർ : ട്രാഫിക് സിഗ്‌നൽ ലൈറ്റ് തൂണുകളിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിൽ നിന്ന് തൃക്കുരട്ടി ജംഗ്ഷനെ ഒഴിവാക്കി. കായംകുളം-തിരുവല്ല സംസ്ഥാന പാതയിൽ മാന്നാർ ടൗണിലെ ട്രാഫിക് സിഗ്‌നൽ ലൈറ്റ് തൂണുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിന് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വരവേയാണ് തൃക്കുരട്ടി ജംഗ്ഷനിലെ പരസ്യ ബോർഡിനെതിരെ പ്രതിഷേധം ഉയർന്നത്. തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിലൂടെ ക്ഷേത്ര ഗോപുരത്തിന്റെ കാഴ്ച മറയുമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മാന്നാർ ഗ്രാമപഞ്ചായത്ത് കരാറുകാരനെ വിളിച്ചു വരുത്തുകയും പരസ്യ ബോർഡ് സ്ഥാപിക്കുന്നത് നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
പ്രസിഡന്റ് ടി.വി രത്നകുമാരി, വൈസ് പ്രസിഡന്റ് സലീന നൗഷാദ്, ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ വി.ആർ.ശിവപ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം അനിൽ എസ്.അമ്പിളി, ഗ്രാമപഞ്ചായത്തംഗം സലിം പടിപ്പുരയ്ക്കൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.വി.ജയകുമാർ, തൃക്കുരട്ടി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കലാധരൻ കൈലാസം എന്നിവരുൾപ്പെട്ട സംഘം സ്ഥലത്തെത്തി പരസ്യക്കമ്പനി മാനേജർ സുജിൻലാലുമായി ചർച്ച നടത്തിയതിനെത്തുടർന്നാണ് തൃക്കുരട്ടി ജംഗ്ഷനെ ഒഴിവാക്കിയത്. എന്നാൽ പരുമലക്കടവിലും സ്റ്റോർജംഗ്ഷനിലും പരസ്യബോർഡ് ഉയരും. ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ അറ്റകുറ്റപ്പണിയുടെ കരാർ പ്രകാരമാണ് പരസ്യബോർഡുകൾ സ്ഥാപിക്കുന്നത്.