
തുറവൂർ : ചാവടി - പള്ളിത്തോട് റോഡിലും ഇരുഭാഗങ്ങളിലെ പൊഴിച്ചാലുകളിലും വൻതോതിൽ അറവുമാലിന്യം തള്ളുന്നത് പതിവായിട്ടും തടയാൻ നടപടികളില്ല. തുറവൂരിലെ കരിനിലങ്ങളുടെ നടുവിലൂടെ കടന്നുപോകുന്ന തീരദേശത്തെ പ്രധാനറോഡിലൂടെ സഞ്ചരിക്കണമെങ്കിൽ മൂക്ക് പൊത്തേണ്ട അവസ്ഥയാണ്. ഓക്കാനവും ഛർദ്ദിലും ഉണ്ടായാലും അതിശയിക്കാനില്ല. കുത്തിയതാട്, തുറവൂർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയിലാണ് ചാവടി - പള്ളിത്തോട് റോഡ്.
ഇറച്ചിക്കോഴി കടകളിലെ മാലിന്യങ്ങളാണ് പ്ലാസ്റ്റിക് ചാക്കുകളിലാക്കി റോഡിലും പൊഴിച്ചാലുകളിലും വാഹനങ്ങളിൽ കൊണ്ടുവന്ന് ഇരുട്ടിന്റെ മറവിൽ തള്ളുന്നത്. പ്ലാസ്റ്റിക് കിറ്റുകളിലാക്കിയ അടുക്കള മാലിന്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ചാക്കുകളിലായാണ് അറവുമാലിന്യം ഇവിടെ തള്ളിയത്. റോഡിൽ കിടക്കുന്ന മാലിന്യ ചാക്കുകളിൽ വാഹനങ്ങളുടെ ചക്രം കയറിയിറങ്ങുന്നുണ്ട്. തെരുവ് നായ്ക്കൾ കൂട്ടത്തോടെ ഇവ ഭക്ഷിക്കാനെത്തുന്നത് ഇരുചക്ര വാഹനയാത്രക്കാർക്കും പ്രഭാത നടത്തക്കാർക്കും ഭീഷണിയാണ്.
ആരോഗ്യ ഭീഷണിയിൽ നാട്
പൊഴിച്ചാലുകളിൽ തള്ളിയ ഇറച്ചിമാലിന്യം ചീഞ്ഞഴുകി പുഴുവരിക്കുന്ന നിലയിലാണ്
കരിനിറമായി മാറിയ വെള്ളത്തിലിറങ്ങിയാൽ ശരീരം ചൊറിഞ്ഞ് തടിക്കുമെന്ന് നാട്ടുകാർ
റോഡിൽ കിടക്കുന്ന മാലിന്യങ്ങൾ ഭക്ഷിക്കാൻ തെരുവു നായകളെത്തുന്നത് യാത്രക്കാർക്ക് ഭീഷണി
പ്രദേശവാസികളുടെ പ്രതിഷേധങ്ങൾക്കൊടുവിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് കുത്തിയതോട് പഞ്ചായത്ത് അധികൃതർ വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചുവെങ്കിലും പിന്നീടത് ജലരേഖയായി
- പ്രദേശവാസികൾ