
ആലപ്പുഴ : വേനൽച്ചൂട് ആരംഭിച്ചതോടെ മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ വിവിധവാർഡുകളിൽ കുടിവെള്ളം കിട്ടാക്കനിയായി. പൂങ്കാവ് ഭാഗത്തെ 11,12 വാർഡുകളിലും എട്ടാം വാർഡിന്റെ കിഴക്കൻ മേഖലയിലുമാണ് കുടിവെള്ളക്ഷാമം രൂക്ഷം. ദേശീയപാതയോട് ചേർന്നുള്ള ഭാഗങ്ങളിലുള്ളവർക്കും വെള്ളം കിട്ടാനില്ല.
ദേശീയപാതയുടെ ഭാഗത്ത് സ്ഥാപിച്ച പൈപ്പ് ലൈൻ കമ്മീഷൻ ചെയ്യാത്തതാണ് ഇവിടുത്തെ കുടിവെള്ളക്ഷമാത്തിന് കാരണം. വാട്ടർ അതോറിട്ടിയുടെ ആലപ്പുഴ, ചേർത്തല സബ് ഡിവിഷനുകളിലെ പമ്പ് ഹൗസുകളിൽ നിന്നാണ് മാരാരിക്കുളം തെക്ക് പഞ്ചായത്തിലേക്ക് കുടിവെള്ളം എത്തുന്നത്. 8മുതൽ 17വരെയും ഏഴാം വാർഡിന്റെ ഭാഗിക പ്രദേശവും ആലപ്പുഴ സബ് ഡിവിഷനിലാണ് ഉൾപ്പെടുന്നത്. ശേഷിച്ച വാർഡുകളിൽ വെള്ളം എത്തുന്നത് ചേർത്തല സബ് ഡിവിഷനിൽ നിന്നാണ്.
വെള്ളമില്ലെങ്കിലും പണം നൽകുന്നുണ്ട്
കുടിവെള്ളം ലഭിക്കുന്നില്ലെങ്കിലും1000ൽ അധികം പൊതു ടാപ്പുകൾക്ക് പ്രതിമാസം 15ലക്ഷംരൂപയാണ് പഞ്ചായത്ത് വാട്ടർ അതോറിട്ടിക്ക് നൽകുന്നത്. ഉപയോഗശൂന്യമായ 350 ടാപ്പുകൾ നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥർ പരിശോധിച്ച് ഇവ നീക്കം ചെയ്യാമെന്ന് പറഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും തുടർനടപടികൾ സ്വീകരിച്ചിട്ടില്ല.
പ്രതിഷേധവുമായി ജനപ്രതിനിധികൾ
പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ജനപ്രതിനിധികളുടെയും വാട്ടർ അതോറിറ്റി ജീവനക്കാരുടെയും സംയുക്തയോഗം വിളിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ ഹാജരാകാത്തതിൽ പ്രതിഷേധിച്ച് സി.പി.ഐ പ്രതിനിധികൾ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കറുത്ത മാസ്‌കും വസ്ത്രങ്ങളും ധരിച്ച് പ്രതിഷേധിച്ചു. സി.പി.ഐ പാർലമെന്ററി പാർട്ടി ലീഡർ ടി.പി.ഷാജി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ എൻ.എസ്.ശാരി മോൾ, പഞ്ചായത്തംഗങ്ങളായ ജാസ്മിൻ ബിജു, മായാദേവി എന്നിവർ സമരത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം ആലപ്പുഴ നഗരത്തിലെ കുടിവെള്ള പ്രശ്‌നത്തിന്റെ പേരിൽ സമരം ചെയ്ത സി.പി.ഐ ജനപ്രതിനിധിയെയും എ.ഐ.വൈ.എഫ് നേതാക്കളെയും അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയിരുന്നു.