
മാന്നാർ: കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ദേശീയ അടിസ്ഥാനത്തിൽ 12 മുതൽ 16 വരെ മഹാരാഷ്ട്രയിൽ നടക്കുന്ന നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ, ആയോധന കലാ പ്രദർശനത്തിന് മാന്നാർ കുട്ടംപേരൂർ മുട്ടേൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്രഹ്മോദയം കളരി സംഘത്തിന് അവസരം. ബ്രഹ്മോദയം കളരിയിലെ കേരളാ ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് കെ.ആർ.രദീപ് ഗുരുക്കളുടെ നേതൃത്വത്തിൽ പത്തംഗ കളരി അഭ്യാസികളാണ് കളരിപ്പയറ്റ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ അംഗീകാരത്തിൽ കളരിപ്പയറ്റ് അസോസിയേഷൻ നടത്തിയ മത്സരത്തിലെ ചാമ്പ്യൻമാരായ അഭിരാജ് എ.ആർ, ജിജോ ജോസ്, സഞ്ജു പി.എസ്, അഭിനവ് മനോജ്, ആദിത്യൻ വി.എൽ, ബിനിൽ ബിജോയ്, ലയ അജീഷ്, ആദിത്യ പ്രസന്നൻ, ലക്ഷ്മി ഭാസി, വിഷ്ണു ഭാസി എന്നിവരാണ് പങ്കെടുക്കുന്നത്. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫിറ്റ് ഇന്ത്യ അഫിലിയേഷൻ, കേരള സ്പോർട്സ് കൗൺസിൽ, കേരള യുവജന ക്ഷേമബോർഡ് യൂത്ത് വെൽഫെയർ ബോർഡ് എന്നിവയുടെ അംഗീകാരമുള്ള ബ്രഹ്മോദയം കളരി ഇന്ത്യൻ ആർമിയുടെ രണ്ട് റെജിമെന്റിന് പരിശീലനവും നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം കർണാടകയിൽ നടന്ന നാഷ്ണൽ യൂത്ത് ഫെസ്റ്റിവലിലും പങ്കെടുത്തിരുന്നു. 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്യുന്ന നാഷനൽ യൂത്ത് ഫെസ്റ്റിവലിൽ തദ്ദേശീയ കായിക വിഭാഗത്തിൽ പഞ്ചാബ്, മണിപ്പൂർ, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആയോധന കലകളും പ്രദർശിപ്പിക്കും.