1

കുട്ടനാട് : തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയെ അടുക്കളയ്ക്ക് പിന്നിലെ മുറിയിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കാവാലം പഞ്ചായത്ത് 10ാം വാർഡ് തൈപ്പറമ്പിൽ ചെത്തുതൊഴിലാളിയായ ബാബുവിന്റെ ഭാര്യ ചെല്ലമ്മയെ (രാജമ്മ, 61) ആണ് ഇന്നലെ രാവിലെ ആറോടെ മരിച്ച നിലയിൽ കണ്ടത്.

ഭർത്താവിനും ഇളയ മകൻ അനീഷിനും ഭാര്യ സനിതയ്ക്കുമൊപ്പം താമസിക്കുന്ന ചെല്ലമ്മ ഞായറാഴ്ച രാത്രി അത്താഴത്തിനുശേഷം കിടന്നുറങ്ങിയതായിരുന്നു. ഇന്നലെ രാവിലെ ഉറക്കമെണീറ്റ സനിതയാണ് അടുക്കളയ്ക്ക് പിന്നിലെ മുറിയിൽ കഴുത്തിന് മുറിവേറ്റ് രക്തം വാർന്ന് അബോധാവസ്ഥയിലായ നിലയിൽ ചെല്ലമ്മയെ കണ്ടത്. ആദ്യം കിടങ്ങറയിലെ ആശുപത്രിയിലും തുടർന്ന് ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടിൽ കറിക്ക് അരിയാൻ ഉപയോഗിക്കുന്ന കത്തി ഇവർ കിടന്നിരുന്ന സ്ഥലത്തിന് തൊട്ടടുത്ത് നിന്ന് കണ്ടെടുത്തു . ആത്മഹത്യയാണോ കൊലപാതകമാണോയെന്നതിനെപ്പറ്റി കൈനടി പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെല്ലമ്മ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

ഡോഗ് സ്കോഡ്, വിരലടയാള വിദ്ഗദ്ധർ , ഫോറൻസിക് വിഭാഗം എന്നിവരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേകൃത്യമായൊരു നിഗമനത്തിലെത്താൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.

സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ : ബിനീഷ് (ഗൾഫ്), അനീഷ്, ബീമോൾ. മരുമക്കൾ : ശാരി, സനിത,പ്രജോഷ്.