yhh

ഹരിപ്പാട് : അമ്പലാശേരി കടവിലെ വീട്ടിൽ ഊണ് കഴിക്കാൻ എത്തിയാൽ നമ്മുക്ക് കേൾക്കാൻ കഴിഞ്ഞിരുന്നത് രാജൻ ചേട്ടന്റെ സ്നേഹത്തോടെയുള്ള 'ഇനി എന്ത് വേണ'മെന്ന ചോദ്യമാണ്. സോഷ്യൽ മീഡിയകളിലെ വൈറൽ ഊണ് ആയിരുന്നു രാജൻ ചേട്ടന്റെ കടയിലേത്. പെട്ടെന്ന് ഉണ്ടായ അസുഖത്തെ തുടർന്ന് രാജൻ ചേട്ടൻ യാത്ര പറഞ്ഞതോടെ സോഷ്യൽ മീഡിയയിൽ നിറയുന്നത് രാജൻ ചേട്ടൻ നൽകിയ സ്നേഹത്തിന്റെ രുചി തന്നെയാണ്. നൂറ് രൂപയ്ക്ക് രുചികരമായ വിഭവസമൃദ്ധമായ ഊണു നൽകിയാണ് രാജൻ ചേട്ടൻ വൈറലായത്. ഇവിടെ ഒരു തവണ എത്തുന്ന ആരും രാജനെ മറക്കില്ല. ഇലയിൽ വിളമ്പുന്ന ഓരോ വിഭവവും കഴിച്ചു കഴിയുന്നത് അനുസരിച്ചു വിളമ്പാനും കഴിക്കാൻ എത്തുന്നവരോട് കുശലം പറയാനും അടുത്ത് തന്നെ ഉണ്ടാകും. ആദ്യകാലത്ത് ഊണിനൊപ്പം മീൻകറി, കപ്പ, മീൻ പീര, കക്കാഇറച്ചി എന്നിവ ആവശ്യത്തിന് നൽകിയിരുന്നു. കച്ചവടം കൂടിയതോടെ കട വിപുലീകരിക്കുകയും ലൈവ് മീൻ ഫ്രൈ ഉൾപ്പടെ മിതമായ നിരക്കിൽ ലഭിച്ചുതുടങ്ങി. ദൂരെ നാടുകളിൽ നിന്നു പോലും രാജൻ ചേട്ടന്റെ കട അന്വേഷിച്ചു വരുന്നവർ ഉണ്ടായിരുന്നു.