തുറവൂർ : ദേശീയപാത ആറുവരിയാക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി തുറവൂർ ആലയ്ക്കാപറമ്പിൽ പാതയോരത്തെ മണ്ണ് ജെ. സി.ബി ഉപയോഗിച്ച് നിരപ്പാക്കുന്നതിനിടെ തകർന്ന ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി .ഇന്ന് രാവിലെ 9 ന് ജിക്കയുടെ തൈക്കാട്ടുശേരി ജലശുദ്ധീകരണ ശാലയിൽ നിന്ന് പമ്പിംഗ് ആരംഭിക്കും. മൂന്ന് ഘട്ടങ്ങളിലായാണ് പമ്പിംഗ് നടത്തുക. മുഴുവൻ ജലവും ഒഴുക്കി കളഞ്ഞതിനെ തുടർന്ന് പ്രധാന പൈപ്പ് ലൈൻ കാലിയായതിനാൽ അകലെയുളള പഞ്ചായത്തുകളിലേക്ക് പൈപ്പിലൂടെ വേഗം വെള്ളമൊഴുകിയെത്താൻ കാലതാമസം നേരിട്ടേക്കുമെന്നാണ് സൂചന. ഇന്ന് വൈകിട്ട് ജലവിതരണം പുനരാംഭിക്കാനാകുമെന്ന് ജല അതോറിട്ടി അധികൃതർ അറിയിച്ചു. ദേശീയപാതയുടെ കിഴക്കുഭാഗത്ത് ആലയ്ക്കാപറമ്പിൽ കഴിഞ്ഞ 6 ന് ഉച്ചയ്ക്ക് 12.45 നാണ് പട്ടണക്കാട് ബ്ലോക്കിലെ 8 പഞ്ചായത്തുകളിലേക്ക് ശുദ്ധജലമെത്തിക്കുന്ന 450 മില്ലിമീറ്റർ വ്യാസമുള്ള ജി.ആർ.പി പൈപ്പ് പൊട്ടിയത്. പമ്പിംങ്ങിനിടെ പൊട്ടിയതിനാൽ സമീപ പ്രദേശത്തെ വാൾവ് ചേംബറുകളിലൂടെ പൈപ്പ് ലൈനിൽ കെട്ടി കിടന്നിരുന്ന ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കി കളഞ്ഞതിനു ശേഷമാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്. അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, വയലാർ, കടക്കരപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് പൈപ്പ് പൊട്ടിയതിനെ തുടർന്ന് ദിവസങ്ങളോളം കുടിവെള്ള വിതരണം നിലച്ചത്.