photo


ചേർത്തല : സി.പി.എം ചേർത്തല ഏരിയാ സെക്രട്ടറിയായി ബി.വിനോദിനെ തിരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന കെ.രാജപ്പൻനായരുടെ നിര്യാണത്തെ തുടർന്നാണ് തീരുമാനം. തിങ്കളാഴ്ച നടന്ന ഏരിയാകമ്മി​റ്റിയോഗത്തിൽ ഏകകണ്ഠമായാണ് വി​നോദി​നെ തി​രഞ്ഞെടുത്തത്. കെ.രാജപ്പൻനായർ വിശ്രമത്തിലായതിനെ തുടർന്ന് കഴിഞ്ഞ ആറു മാസങ്ങളായി ഏരിയാ സെന്റർ അംഗമായിരുന്ന ബി.വിനോദായിരുന്നു താത്ക്കാലിക സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നത്. അരൂക്കു​റ്റി സ്വദേശിയായ ബി.വിനോദ് ഡി.വൈ.എഫ്.ഐ മുൻ ഏരിയ സെക്രട്ടറിയും ദീർഘകാലമായി സി.പി.എം ഏരിയാകമ്മി​റ്റിയംഗവുമാണ്. ഇന്നലെ നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി ആർ.നാസർ,ജില്ലാ സെക്രട്ടേറിയ​റ്റംഗം കെ.പ്രസാദ്, ജില്ലാകമ്മി​റ്റിയംഗം എൻ.ആർ.ബാബുരാജ് എന്നിവർ പങ്കെടുത്തു.

അരൂക്കു​റ്റി ലോക്കൽ കമ്മിറ്റി​ വിഭജിച്ചു

നി​ലവി​ലുണ്ടായി​രുന്ന അരൂക്കു​റ്റി ലോക്കൽ കമ്മി​റ്റി അരൂക്കു​റ്റി,വടുതല ലോക്കൽ കമ്മി​റ്റികളായി വിഭജിച്ചു. അരൂക്കു​റ്റിയിൽ നിലവിലെ സെക്രട്ടറി വിനുബാബു തുടരും. പുതിയതായി രൂപീകരിച്ച വടുതലയിൽ ഏരിയാകമ്മി​റ്റിയംഗം കെ.ഡി.പ്രസന്നനാണ് സെക്രട്ടറി. ലോക്കൽ കമ്മി​റ്റി വിഭജനത്തിനെതിരെ ഒരുവിഭാഗമുയർത്തിയ പ്രതിഷേധം മറികടന്നാണ് ഏരിയാകമ്മി​റ്റിയുടെ തീരുമാനം. കഴിഞ്ഞ ജൂലായിൽ നടന്ന ഏരിയാകമ്മി​റ്റിയോഗമെടുത്ത തീരുമാനം ജില്ലാകമ്മി​റ്റിയുടെ അംഗീകാരത്തോടെയാണ് നടപ്പാക്കിയത്.
നിലവിലെ അരൂക്കു​റ്റി കമ്മി​റ്റിയിൽ 15 അംഗങ്ങളും ഒരു ക്ഷണിതാവുമാണുണ്ടായി​രുന്നത്. ഇവർക്കൊപ്പം ആറംഗങ്ങളെ കൂടി ഉൾപ്പെടുത്തി 11 അംഗങ്ങൾ വീതമുള്ള കമ്മി​റ്റിയാണ് രണ്ടി​ടത്തായി​ രൂപീകരിച്ചത്. അരൂക്കു​റ്റിയിൽ 400 ലധികം പാർട്ടിയംഗങ്ങളും 28 ബ്രാഞ്ചുമാണുള്ളത്. കഴിഞ്ഞ പാർട്ടി സമ്മേളനത്തിനു ശേഷം കമ്മിറ്റി വിഭജിക്കാൻ തീരുമാനിച്ചിരുന്നു. സമ്മേളനത്തിൽ ഏരിയാ കമ്മി​റ്റിക്കു കീഴിൽ ചേരിതിരിഞ്ഞു മത്സരം നടന്ന ഏക കമ്മി​റ്റിയും അരൂക്കുറ്റിയായിരുന്നു. തുടർന്ന് റി​പ്പോർട്ട് നൽകാൻ ഏരിയാ കമ്മി​റ്റിയംഗങ്ങളായ കെ.ഡി.പ്രസന്നൻ,പി.എം.പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരി​ച്ചി​രുന്നു.