സമരക്കാർ ഡി.വൈ.എഫ്.ഐയുടെ ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചു

ആലപ്പുഴ : സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലപ്പുഴ നഗരത്തിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. മുഖ്യമന്ത്രിയുടെയും ഹിറ്റ്ലറുടെയും ചിത്രം പതിച്ച കോലം പൊലീസ് ജീപ്പിന് മുകളിൽ സ്ഥാപിക്കാൻ പ്രതിഷേധക്കാർ നടത്തിയ ശ്രമം പൊലീസ് തടഞ്ഞതോടെ ഒരുമണിക്കൂർ ജനറൽ ആശുപത്രി ജംഗ്ഷൻ യുദ്ധക്കളമായി. സംഘർഷത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് ആലപ്പുഴ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എസ്.ഷെഫീഖിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 11.30ന് ഡി.സി.സി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനം ഉച്ചക്ക് 12.15മണിയോടെ ജനറൽ ആശുപത്രി ജംഗ്ഷനിൽ എത്തിയപ്പോൾ ആലപ്പുഴ ഡിവൈ എസ്.പി എൻ.ആർ.ജയരാജിന്റെ നേതൃത്വത്തിൽ തടഞ്ഞു. തുടർന്ന് സംഘർഷമുണ്ടായി. മനുഷ്യച്ചങ്ങലക്കായി ഡി.വൈ.എഫ്.ഐയും നവകേരള സദസിന് ആശംസയറിയിച്ച് കോൺഗ്രസ് എസും ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോഡുകളും ബാനറും പ്രതിഷേധക്കാർ നശിപ്പിച്ചു. പ്രവർത്തകരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. ഗതാഗത തടസം ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തി 9 പേർക്കെതിരെ കേസെടുത്തു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി.പ്രവീണിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ സംസ്ഥാന സെക്രട്ടറി റഹിം വെറ്റക്കാരൻ, ജില്ലാ വൈസ് പ്രസിഡന്റ് സന്ദീപ് സദാനന്ദൻ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ഷാഹുൽ ജെ.പുതിയപറമ്പിൽ, അൻഷാദ് മെഹബൂബ്, ജില്ലാ സെക്രട്ടറി എസ്.ശിവമോഹൻ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, അബാദ് ലുത്ഫി, അൻസിൽ ജലീൽ, നൂറുദ്ദീൻ കോയ, സജിൽ ഷരീഫ്, നായിഫ് നാസർ, പ്രിൻസി സജി, ടി.എൽ.പോൾ, എസ്.ശ്രീനാഥ്, ശംഭു പ്രസാദ്, അലൻ ഡെന്നിസ്, ജി.അർജുൻ, യാസീൻ, എൻ.നവാസ്, നജീഫ്, ഷിജു താഹ, തൻസിൽ തുടങ്ങിയവർ പങ്കെടുത്തു.

ജീപ്പിൽ കോലം വെയ്ക്കാൻ ശ്രമം, തടഞ്ഞ് പൊലീസ്

പ്രകടനക്കാർ കൈവശം കരുതിയ മുഖ്യമന്ത്രി പിണറായി വിജയന്റെയും ഹിറ്റ്ലറുടെയും ചിത്രങ്ങൾ പതിച്ച കോലം ആദ്യം ഡിവൈ.എസ്.പിയുടെ ജീപ്പിന് മുകളിൽ സ്ഥാപിക്കാൻ ശ്രമിച്ചു.ഈ വാഹനം മാറ്റിയപ്പോൾ സമീപത്തുണ്ടായിരുന്ന മറ്റൊരു പൊലീസ് വാഹനത്തിൽ കോലം സ്ഥാപിക്കാൻ ശ്രമമുണ്ടായി. ഇതും മാറ്റിയപ്പോൾ,മൂന്നാമത്തെ വാഹനത്തിൽ കോലം സ്ഥാപിക്കാൻ ശ്രമിച്ചതോടെ പൊലീസുമായി സംഘർഷത്തിലേക്ക് നീങ്ങി. ഇതിനിടെ കോലം സമരക്കാർ നടുറോഡിൽ കത്തിച്ചു. തുടർന്ന് റോഡിൽ കുത്തിയിരുന്നു. സ്ഥലത്തെത്തിയ ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് സംസാരിക്കുന്നതിനിടെ സമരക്കാരെ അറസ്റ്റു ചെയ്തു നീക്കാൻ തുടങ്ങിയതോടെ വീണ്ടും ഉന്തുംതള്ളുമായി. റോഡിൽ കിടന്ന് പ്രതിഷേധിച്ച എസ്.ഷഫീഖിനെ പൊലീസ് പൊക്കിമാറ്റുന്നതിനിടെ നിലത്ത് വീണാണ് തലയ്ക്ക് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന പ്രവർത്തകരാണ് ജനറൽ ആശുപത്രിയിൽ എത്തിച്ചത്.