
ഹരിപ്പാട് : അശാസ്ത്രീയ ഗതാഗത പരിഷ്കാരത്തെത്തുടർന്ന് ഹരിപ്പാട് ആശുപത്രി ജംഗ്ഷനിൽ അപകടം തുടർക്കഥയായി. വാഹനങ്ങൾ തിരിയാൻവേണ്ടി ഒരുക്കിയിട്ടുള്ള റൗണ്ട് പ്ലോട്ടിന്റെ സമീപത്താണ് അപകടങ്ങൾ കൂടുതലും നടക്കുന്നത്.
ഗവ.ആശുപത്രിയിലേക്ക് വരുന്ന ആംബുലൻസ് ഉൾപ്പടെയുള്ള വാഹനങ്ങളും എഴിയ്ക്കകത്ത് ജംഗ്ഷനിൽ നിന്നുള്ള വൺവേയിൽ നിന്ന് ആശുപത്രി റോഡ് വഴിവരുന്ന വാഹനങ്ങളും അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ചയാണ്. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പ്രവേശിക്കേണ്ട ബസുകളും ഇതു വഴിയാണ് വന്നു തിരിഞ്ഞു പോകുന്നത്. വേഗത്തിൽ വരുന്ന ബസുകൾ ഈ ഭാഗത്ത് തിരിയുമ്പോൾ പിന്നിലുളള ഇരുചക്ര വാഹനങ്ങളിൽ തട്ടിയും പലപ്പോഴും അപകടങ്ങൾ ഉണ്ടാകാറുണ്ട്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ഓട നിർമ്മാണവും റോഡ് ഉയർത്തലും ഉൾപ്പെടെ നടക്കുന്നതിനാൽ പ്രദേശത്തു നല്ല തിരക്കും ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.
റൗണ്ട് മാറ്റിയാൽ
കുറച്ച് തെക്കോട്ടുമാറി വാഹനങ്ങൾ തിരിഞ്ഞു പോകാൻ ക്രമീകരണം ഒരുക്കിയിരുന്നെങ്കിൽ അപകടങ്ങൾ ഒഴിവാക്കാമെന്നാണ് നാട്ടുകാർ പറയുന്നത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഇവിടെ ഫ്ലൈ ഓവറിന്റെ പണി ആരംഭിക്കുമ്പോൾ ഈ ഭാഗമെല്ലാം അടച്ചുകെട്ടി വൺവേ സംവിധാനം ഏർപ്പെടുത്തുകയും തിരക്ക് വർദ്ധിക്കുകയും ചെയ്യും. ആശുപത്രിയിൽ നിന്ന് ഇറങ്ങി വരുന്ന ഭാഗത്തെ റോഡിന്റെ ഉയര വ്യത്യാസവും അപകടങ്ങൾക്ക് കാരണമാകുന്നു. ആശുപത്രിയിൽ നിന്ന് ഇറങ്ങി തെക്കോട്ടു തിരിയുന്ന ഇരുചക്ര വാഹനങ്ങൾ മിക്കപ്പോഴും താഴ്ചയിലേക്ക് ചരിഞ്ഞു വീഴാറുണ്ട്. ആശുപത്രി കാവടത്തിലെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കും എന്ന് നഗരസഭ നിരവധി തവണ പറഞ്ഞെങ്കിലും നടപടിയുണ്ടായിട്ടില്ല.
അടിയന്തിരമായി അധികൃതർ പ്രശ്നത്തിലിടപെട്ട് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും അറുതി വരുത്തണം
- നാട്ടുകാർ