ആലപ്പുഴ : ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള നിർമ്മാണ ജോലിക്കിടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് രണ്ടുമാസം പിന്നിട്ടിട്ടും പരിഹാരം അകലെ. ദേശീയപാതയിൽ വണ്ടാനത്തിന് സമീപം അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ശ്രീനാരായണ കമ്യൂണിറ്റി ഹാളിനടുത്താണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്.
പൈപ്പ് പൊട്ടി ഒഴുകുന്ന വെള്ളം ദേശീയപാതയുടെ പടിഞ്ഞാറുവശം സർവീസ് റോഡിൽ കെട്ടി നിൽക്കാൻ തുടങ്ങിയതോടെ ഇതുവഴിയുള്ള യാത്രയ്ക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനും തടസമായി. ദേശീയപാതയുടെ വശത്ത് കേബിൾ ട്രഞ്ച് നിർമ്മിക്കാനായി കുഴിയെടുത്തപ്പോഴാണ് പൈപ്പ് പൊട്ടിയതെന്നാണ് കരുതുന്നത്. ട്രഞ്ച് നിർമ്മാണം പൂർത്തിയാക്കി സ്ളാബും ഇട്ടശേഷമാണ് ട്രഞ്ചിനടിയിൽ നിന്ന് വെള്ളം റോഡിലേക്ക് ഒഴുകാൻ തുടങ്ങിയത്. സംഭവം വ്യാപാരികളും എസ്.എൻ.ഡി.പി യോഗം വണ്ടാനം - നീർക്കുന്നം ശാഖ അധികൃതരും വാട്ടർ അതോറിട്ടിയേയും ദേശീയപാത അതോറിട്ടിയെയും അറിയിച്ചെങ്കിലും സ്ഥലം സന്ദർശിച്ച് മടങ്ങിയതല്ലാതെ പരിഹാരനടപടിയുണ്ടായില്ല.
വെള്ളം പാഴാകുന്നു ,രോഗഭീതി ഉയരുന്നു
ആലപ്പുഴ നഗരത്തിലുൾപ്പടെ കുടിവെള്ളം കിട്ടാതിരിക്കുമ്പോഴാണ് ഇവിടെ ആഴ്ചകളായി വെള്ളം റോഡിലൊഴുകുന്നത്
ദേശീയ പാത അതോറിട്ടി നിർമ്മിച്ച കേബിൾ ട്രഞ്ച് പൊളിക്കാതെ പൊട്ടിയ പൈപ്പ് നന്നാക്കാൻ കഴിയില്ല
ഇക്കാര്യത്തിൽ ദേശീയപാത അതോറിട്ടിയും വാട്ടർ അതോറിട്ടിയും തമ്മിലുള്ള മൂപ്പിളമ തർക്കം തീർന്നിട്ടില്ല
റോഡിൽ നിന്ന് ചെളിവെള്ളം കുടിവെള്ള ലൈനിലേക്ക് ഇറങ്ങുന്നത് രോഗ ഭീതി ഉയർത്തുന്നു
വാട്ടർ അതോറിട്ടിയും ദേശീയപാത അതോറിട്ടിയും യോജിച്ച് പൈപ്പിന്റെ തകരാർ പരിഹരിക്കണം. വെള്ളം പാഴാകുന്നതിലുപരി മലിനജലം പൊട്ടിയ പൈപ്പിലൂടെ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് ജലജന്യ രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകും
--ബിജുലാൽ, മാനേജിംഗ് കമ്മിറ്റിയംഗം, എസ്.എൻ.ഡി.പി യോഗം വണ്ടാനം നീർക്കുന്നം ശാഖ