
കായംകുളം: കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം കായംകുളത്തിന്റെ ഫാർമർ ഫസ്റ്റ് പദ്ധതി പ്രകാരം മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള പഞ്ചായത്തുകളിൽ 100 ഏക്കർ സ്ഥലത്ത് കപ്പലണ്ടി വിളയും. ആറാട്ടുപുഴ, മുതുകുളം ചേപ്പാട്, പത്തിയൂർ, കൃഷ്ണപുരം, ദേവികുളങ്ങര, കണ്ടല്ലൂർ എന്നീ പഞ്ചായത്തുകളിലും കായംകുളം നഗരസഭയിലും പദ്ധതിയുടെ ഭാഗമായുള്ള കപ്പലണ്ടി കൃഷിക്ക് തുടക്കമായി.ആന്ധ്രപ്രദേശ് കൃഷി യൂണിവേഴ്സിറ്റി വികസിപ്പിച്ച കാദരി ലേപാക്ഷി എന്ന വിത്താണ് നടുന്നത്. ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകളുടേയും കൃഷിഭവനുകളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിത്തും വളവും സി.പി.സി.ആർ.ഐയാണ് നൽകുന്നത്.സി.പി.സി.ആർ.ഐയുടേയും കൃഷി വകുപ്പിന്റേയും ഉദ്യോഗസ്ഥർ നേരിട്ട് കൃഷിയിടങ്ങളിൽ എത്തി ആവശ്യാനുസരണമുള്ള വിത്ത് നൽകും. വിളവെടുപ്പ് സമയത്ത് സി.പി.സി.ആർ.ഐ 40 ശതമാനം വിത്ത് കർഷകരിൽ നിന്ന് സംഭരിക്കും. കൃഷ്ണപുരം ഗ്രാമ പഞ്ചായത്തിലെ വിത്തിടീൽ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലത ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്പഞ്ചായത്തംഗം ഓച്ചിറചന്ദ്രൻ, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീഹരി കോട്ടീരേത്ത്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സുമാ റാണി, പഞ്ചായത്ത് മെമ്പർ അനിത വാസുദേവൻ, കൃഷി അസിസ്റ്റന്റുമാരായ ഇന്ദു.സി.നായർ, എം.ഷമീർ, മുൻ ഗ്രാമ പഞ്ചായത്തംഗം സന്തോഷ് വയലിൽ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് രാജേഷ് തുടങ്ങിയവർ സംസാരിച്ചു.