
മാന്നാർ: പരുമലയിൽ നിർമ്മിച്ച ദീപസ്തംഭം അമേരിക്കയിലെ മിഷിഗൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ദീപക്കാഴ്ചയൊരുക്കും. പരുമല കാട്ടുംപുറത്ത് പന്തപ്ലാ തെക്കേതിൽ പി.പി.അനന്തൻ ആചാരിയുടെയും മകൻ അനുഅനന്തന്റെയും നേതൃത്വത്തിൽ ഓടിൽ തീർത്ത ദീപസ്തംഭമാണ് ഏഴാം കടൽകടക്കാൻ കാത്തിരിക്കുന്നത്. തൃശ്ശൂർ സ്വദേശിയും അമേരിക്കയിലെ സ്ഥിര താമസക്കാരനുമായ ഒരു ഭക്തൻ വഴിപാടായി സമർപ്പിക്കുന്ന ദീപസ്തംഭം, വിഷു ദിനത്തിൽ 1008 തിരികളുമായി പ്രഭപരത്തി പരിലസിക്കും.
10 തൊഴിലാളികളുടെ ആറുമാസത്തെ പ്രയത്നത്തിലാണ് ദീപസ്തംഭത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പരമ്പരാഗത രീതിയിൽ പണിതെടുത്ത ദീപസ്തംഭത്തിന്റെ പീഠത്തിൽ കൂർമ്മം, കൂർമ്മത്തിൽ ദീപകന്യക, മഹാവിഷ്ണുവിന്റെ രൂപം അന്വർത്ഥമാകുന്ന ശംഖ്, ചക്രം, ഗദ, പത്മം എന്നിവ രൂപകൽപ്പന ചെയ്ത് ഇതിന് മുകളിൽ 9 തട്ടും മുകളിൽ ഗരുഡ വാഹനത്തോടും കൂടിയാണ് ദീപസ്തംഭം നിർമ്മിച്ചിരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ തറയിൽ ദീപസ്തംഭത്തിന്റെ അവസാന മിനുക്കുപണികൾ പുരോഗമിക്കുകയാണ്.
ശബരിമല, ഏറ്റുമാനൂർ, പാറമേൽക്കാവ് തുടങ്ങി കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും പ്രശസ്തമായ നിരവധി ക്ഷേത്രങ്ങളിലെ സ്വർണ കൊടിമരങ്ങളെകൂടാതെ, ന്യൂയോർക്കിലെ ക്രിസ്ത്യൻ പള്ളി, ചിക്കാഗോയിലെ കത്തീഡ്രൽ ചർച്ച് എന്നിവിടങ്ങളിലെ കൊടിമരങ്ങൾ, റ്റാമ്പ അയ്യപ്പക്ഷേത്രത്തിലെ കൊടിമരം, ബലിക്കല്ല്, ശ്രീകോവിൽ അലങ്കാര പണികൾ എന്നിവയിലും അനന്തൻ ആചാരിയും മകൻ അനു അനന്തനും നേതൃത്വം നൽകുന്ന
ആർട്ടിസാൻസ് ഗ്രൂപ്പ് ഒഫ് കമ്പനിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.
ആശ്ചര്യ ദീപസ്തംഭം
തൂക്കം: 1000 കിലോ
ഉയരം: 13 അടി
തട്ടുകൾ: 9
തിരി: 1008