vellakkett

മാന്നാർ: ജല അതോറിട്ടിയുടെ പൈപ്പ് ലൈൻ പൊട്ടി റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട് മൂലം ദുരിതത്തിലായിരിക്കുകകയാണ് മാന്നാർ പന്നായിക്കടവ് ജംഗ്ഷനിലെ ബ്രൈറ്റ് ലൈറ്റ് ഇലക്ട്രിക്കൽസ് സ്ഥാപന ഉടമ കെ.വി യോഹന്നാൻ. ഒരു വർഷത്തോളമായി ദുരിതത്തിൽ കഴിയുകയാണ് ഈ വ്യാപാരി. വാഹനങ്ങൾ കടന്നു പോകുമ്പോൾ വെള്ളം കടയ്ക്കുള്ളിലേക്ക് അടിച്ചു കയറുന്നത് മൂലം ഏറെ നാശനഷ്ടങ്ങളാണ് ഈ വ്യാപാരിക്കുണ്ടാവുന്നത്. പൈപ്പ് ലൈൻ പൊട്ടിയിട്ട് ഒരുവർഷത്തോളമായിട്ടും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാരും പരാതിപ്പെട്ടു. വാട്ടർ അതോറിട്ടിയിലും പഞ്ചായത്തിലും പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.വാഹനങ്ങൾ പോകുമ്പോൾ വെള്ളം തെറിച്ചു വീണ് കടയുടെ മുൻവശത്തെ തറ പായൽ പിടിച്ച് കിടക്കുന്നതിനാൽ തെന്നി വീണ് അപകടം സംഭവിക്കുന്നതിനാൽ കടയിലേക്ക് എത്താൻ ഉപഭോക്താക്കൾ മടിക്കുകയാണ്. പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നതിനോടൊപ്പം മഴ കൂടി പെയ്താൽ റോഡ് തോടായി മാറും. എത്രയും വേഗം ഈ ദുരവസ്ഥയ്ക്ക് അധികൃതർ പരിഹാരം കാണണമെന്നാണ് കടയുടമ കെ.വി.യോഹന്നാനും കെട്ടിട ഉടമ കെ.ടി.ഏബ്രഹാമും ആവശ്യപ്പെടുന്നത്.