അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാർമസിയിൽ മരുന്ന് ക്ഷാമം രൂക്ഷമായി. ഡോക്ടർമാർ പരിശോധനക്കു ശേഷം എഴുതുന്ന മരുന്നുകളിൽ ഭൂരിഭാഗവും ഇവിടെ നിന്ന് ലഭിക്കുന്നില്ലെന്നാണ് രോഗികളുടേയും ബന്ധുക്കളുടേയും പരാതി. ഒരു മണിക്കൂറോളം ക്യൂ നിന്ന് കൗണ്ടറിൽ എത്തുമ്പോഴാണ് മരുന്നില്ലെന്ന വിവരം അറിയുന്നത്. ഇതു മൂലം രോഗികളുടെ ബന്ധുക്കളും ഫാർമസിയിലെ ജീവനക്കാരുമായി വഴക്കും പതിവായി. അത്യാഹിത വിഭാഗത്തിലെ ഫാർമസി വൈകിട്ട് 5മുതൽ രാവിലെ 8 വരെയാണ് പ്രവർത്തിക്കുന്നത്. ഇവിടെയും ഭൂരിഭാഗം മരുന്നുകളും ലഭിക്കാത്തതിനാൽ പുറത്തെ മെഡിക്കൽ ഷോപ്പുകളിൽ പോയാണ് അത്യാസന്ന നിലയിലെത്തിക്കുന്ന രോഗികളുടെ ബന്ധുക്കൾ മരുന്നുകൾ വാങ്ങുന്നത്. സിൽനിഡിപ്പിൻ, ഡൈക്ലോഫിസ്ക് ,മെറ്റ് ഫോർമിൻ, വെൽടാം പ്ലസ് തുടങ്ങിയ മരുന്നുകളൊന്നും ലഭിക്കുന്നില്ലെന്നാണ് രോഗികളും ബന്ധുക്കളും പറയുന്നത്. എന്നാൽ ഫാർമസിയിൽ എല്ലാ മരുന്നുകളും ലഭ്യമാണെന്നാണ് ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത് .