ആലപ്പുഴ : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആലപ്പുഴ നഗരത്തിൽ നടന്ന പ്രകടനത്തിൽ മനുഷ്യ ചങ്ങലയുടെ പോസ്റ്ററുകളും ബാനറും നശിപ്പിച്ചതിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു. പുന്നപ്ര-വയലാർ സ്മാരക ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിൽ നിന്ന് ആരംഭിച്ച ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ പ്രകടനം നഗരം ചുറ്റി ജനറൽ ആശുപത്രി ജംഗ്ഷനിൽ സമാപിച്ചു. എ.വി.ജെ ജംഗ്ഷനിലും ജനറൽ ആശുപത്രി ജംഗ്ഷനിലും ഉൾപ്പടെ യൂത്ത് കോൺഗ്രസിന്റെ ഫ്‌ളക്‌സ് ബോർഡുകളും കൊടികളും ഡി.വൈ.എഫ്.ഐ പ്രവർത്തകർ തകർത്തു.

എ.വി.ജെ ജംഗ്ഷനിൽ പൊലീസ് സംരക്ഷണവലയം തീർത്തതിനാൽ ഡി.സി.സി ഓഫീസിലേക്ക് പ്രകടനം നീങ്ങിയില്ല. ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ.ജയരാജിന്റെ നേതൃത്വത്തിൽ ശക്തമായ പൊലീസ് സന്നാഹം ഉച്ചമുതൽ തന്നെ നഗരത്തിൽ നിലയുറപ്പിച്ചിരുന്നു.

ജനറൽ ആശുപത്രി ജംഗ്ഷനിൽ നടന്ന യോഗം ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.ആർ.രാഹുൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ജെയിംസ് സാമുവേൽ സ്വാഗതം പറഞ്ഞു. അജ്മൽ ഹസൻ, ആർ.അനസ്, ശ്വേത എസ്.കുമാർ, ഊർമിളാമോഹൻദാസ്, ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.