nayar-samajam-mannar

മാന്നാർ: കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ആലപ്പുഴയുടെ അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ് മാന്നാർ നായർ സമാജം എച്ച്.എസ്.എസ്. പങ്കെടുത്ത 16 ഇനങ്ങളിൽ 15 ലും എ ഗ്രേഡ് നേടി 78 പോയിന്റുമായി സംസ്ഥാന തലത്തിലെ രണ്ടാം സ്ഥാനം നിലനിർത്തുവാൻ ഇക്കുറിയും സാധിച്ചതോടെ കഴിഞ്ഞ ആറു സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്തിപ്പെടാൻ സ്‌കൂളിന് കഴിഞ്ഞു. ഇതിൽ മൂന്നു തവണ ഒന്നാം സ്ഥാനവും മൂന്നു തവണ രണ്ടാം സ്ഥാനവുമാണ്. മത്സരങ്ങൾക്കായി കുട്ടികളെ പ്രാപ്തരാക്കുവാൻ മാനേജ്‌മെന്റും അദ്ധ്യാപകരും പി.ടി.എയും ഒത്തൊരുമിച്ചു നടത്തിയ പ്രയത്‌നവും ചിട്ടയായ പരിശീലനവുമാണ് നായർ സമാജം സ്‌കൂളിന്റെ വിജയത്തിന് പിന്നിലെന്ന് പ്രിൻസിപ്പൽ വി.മനോജ് പറഞ്ഞു. റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിൽ തുടർച്ചയായി ഇരുപതാം വർഷവും ഓവറോൾ കിരീടം ചൂടിയാണ് സംസ്ഥാന കലോത്സവത്തിൽ 90 കുട്ടികളുമായി നായർ സമാജം ഹയർ സെക്കന്ററി സ്‌കൂൾ കൊല്ലത്ത് എത്തിയത്.