ചേർത്തല : പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, പാർട്ടിയിൽ നിന്ന് പല കാരണങ്ങളാൽ അകന്നവരെ തിരികെയെത്തിക്കാൻ ചേർത്തലയിൽ സി.പി.എം ശ്രമം തുടങ്ങി. ഇതിനായി മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ചർച്ചകൾ തുടങ്ങിയതായാണ് വിവരം. നടപടി സ്വീകരിച്ചു പുറത്താക്കിയവരെയടക്കം തെറ്റുതിരുത്തി തിരികെയെത്തിക്കാനാണ് നീക്കം. കഴിഞ്ഞ ദിവസം നടന്ന ചേർത്തല ഏരിയാ കമ്മിറ്റിയോഗത്തിലും പള്ളിപ്പുറത്ത് നടന്ന ലോക്കൽ കമ്മിറ്റി,ബ്രാഞ്ച് സെക്രട്ടറിമാരുടെ യോഗത്തിലും ഈ വിവരം ജില്ലാ സെക്രട്ടറി റിപ്പോർട്ട് ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് പാർട്ടിയെ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
നടപടിയെടുത്തു പുറത്താക്കിയവരെ മടക്കികൊണ്ടുവരുന്നതിൽ ഒരു വിഭാഗം എതിർപ്പുയർത്തിയിരുന്നു. നിലവിൽ നഗരസഭാ കൗൺസിലറും സി.പി.ഐ നേതാവുമായ പി.എസ്.ശ്രീകുമാർ ഉൾപ്പെടെയുള്ളവർ മടങ്ങിവരാൻ ഒരുങ്ങുകയാണെന്നറിയുന്നു. ഏരിയാ സെന്റർ അംഗമായിരുന്ന ശ്രീകുമാറിനെ നാലരവർഷം മുമ്പാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. കെ.രാജപ്പൻനായർ ഏരിയ സെക്രട്ടറിയായിരുന്നപ്പോൾ, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് പലരേയും നടപടിയെടുത്ത് പുറത്താക്കിയത്. രാജപ്പൻനായർ മരിച്ച് ഒരു മാസം പിന്നിടുന്നതിന് മുമ്പെ, നടപടിയെടുത്തവരെ തിരിച്ചെടുക്കാനുള്ള തിടുക്കം കാട്ടുന്നുവെന്ന ആക്ഷേപവും പ്രതിഷേധവും പാർട്ടി അണികളിലുണ്ട്. പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന നേതാവിനെതിരെ അപകീർത്തീകരമായി പ്രചാരണം നടത്തി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നഗരത്തിലെ മുൻ എൽ.സി സെക്രട്ടറിയും പാർട്ടി അംഗത്വം ആവശ്യപ്പെട്ട് നേതൃത്വത്തെ സമീപിക്കാൻ നീക്കം നടത്തുന്നുണ്ട്.