
കുട്ടനാട് : എൽ എൽ.ബി വിദ്യാർത്ഥിനിയായിരുന്ന ആതിര (27) ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ രംഗത്തെത്തി. മുൻ പഞ്ചായത്തംഗം കാവാലം പഞ്ചായത്ത് ഒന്നാം വാർഡ് രണ്ടരപാറയിൽ വീട്ടിൽ ആർ.വി.തിലകിന്റെയും ബേബിയുടെയും മകളാണ് ആതിര.
നാട്ടുകാരനും ഡി.വൈ.എഫ് ഐ പ്രവർത്തകനുമായ യുവാവുമായി ഒരു വർഷം മുമ്പ് ആതിരയുടെ വിവാഹ നിശ്ചയം നടന്നിരുന്നു. ഇയാൾ വീട്ടിൽ വന്നുപോയ ദിവസമാണ് ആതിര വീട്ടിൽ തൂങ്ങിമരിച്ചത്. ഈ സമയം മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കൈനടി പൊലീസിന് നൽകിയ പരാതിയിൽ കേസെടുത്തിരുന്നു. എന്നാൽ സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും യുവാവിനെതിരെ വിശദമായ അന്വേഷണം നടത്താൻ പൊലീസ് തയ്യാറായില്ലെന്നാണ് ആക്ഷേപം. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനൊരുങ്ങുകയാണ് മാതാപിതാക്കൾ.