
ആലപ്പുഴ: സംസ്ഥാനത്തെ റവന്യു ഡിവിഷണൽ ഓഫീസുകളിൽ നടപടി കാത്ത് ആയിരക്കണക്കിന് അപേക്ഷകൾ. ഒരു നേരത്തെ ആഹാരത്തിനോ മരുന്നിനോ നിവൃത്തിയില്ലാത്തവരും വീടുകളിൽ നിന്ന് ആട്ടിയിറക്കപ്പെട്ടവരും ഉൾപ്പടെയാണ് ഓഫീസുകളുടെ വരാന്ത കയറിയിറങ്ങുന്നത്. പരാതി പരിഹാരം ഒച്ചിഴയും വേഗത്തിൽ.
ആർ.ഡി ഓഫീസുകളിൽ ഒരു ടെക്നിക്കൽ അസിസ്റ്റന്റിനെയും അര ഡസനോളം കൺസീലിയേഷൻ ഓഫീസർമാരെയും സാമൂഹ്യനീതിവകുപ്പ് നിയമിച്ചിട്ടുണ്ടെങ്കിലും എതിർകക്ഷികൾക്ക് നോട്ടീസ് നൽകി ഹിയറിംഗിനെടുക്കുന്നതുപോലും ആഴ്ചകളും മാസങ്ങളും കഴിഞ്ഞാണ്.
പരാതികൾക്ക് കുറവില്ല
മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായി മെയിന്റനൻസ് ആൻഡ് വെൽഫെയർ ഒഫ് പേരന്റ്സ് ആൻഡ് സീനിയർ സിറ്റിസൺ ആക്ട് പ്രകാരം 2007 മുതലാണ് സംസ്ഥാനത്ത് നടപടികൾ ആരംഭിച്ചത്. വീട്ടുകാർ ഉപേക്ഷിക്കുന്ന വയോധികർക്ക് ആഹാരം, പാർപ്പിടം, വൈദ്യസഹായം എന്നിവ നൽകണമെന്നും പരാതി ലഭിച്ചാൽ ബന്ധുക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് വ്യവസ്ഥ.
ആർ.ഡി.ഒമാരുടെ നേതൃത്വത്തിൽ മെയിന്റനൻസ് ട്രൈബ്യൂണലും ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ അപ്പലേറ്റ് ട്രൈബ്യൂണലുമുണ്ടെങ്കിലും പരാതികൾക്ക് കുറവില്ല. വർഷത്തിൽ ഒന്നോ രണ്ടോ അദാലത്തുകൾ നടത്താറുണ്ടെങ്കിലും ഉദ്ദേശിച്ച രീതിയിൽ പരാതികൾ പരിഹരിക്കപ്പെടുന്നില്ല. സംസ്ഥാനത്ത്. ഈ വർഷം ഇതുവരെ 27ആർ.ഡി.ഒ ഓഫീസുകളിലായി പതിനാലായിരത്തിലധികം പരാതികൾ ലഭിച്ചതായിട്ടാണ് അനൗദ്യോഗിക കണക്ക്. പരാതികളിൽ തലസ്ഥാന ജില്ലയാണ് ഏറ്റവും മുന്നിൽ-1500. ജില്ലകളിലെ പരാതികളുടെ എണ്ണം രണ്ടും മൂന്നും ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം
ആകെ പരാതികൾ: 8825
പരിഗണിച്ചത് : 5614
അപ്പീൽ പോയത്: 289
തീർപ്പായത്: 5325
പരിഹരിക്കാത്തത് : 3500
പരാതികൾ വർദ്ധിക്കുന്നു. അടിയന്തര പരിഹാരത്തിനായി അദാലത്തുകൾ നടത്തുന്നതിന് 10,000 രൂപ വീതം സാമൂഹ്യനീതി വകുപ്പ് അനുവദിച്ചിട്ടുണ്ട്.
- ജോയിന്റ് ഡയറക്ടർ, സാമൂഹ്യ നീതി വകുപ്പ്