ആലപ്പുഴ: വായ്‌പ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ജീവനൊടുക്കിയ കർഷകൻ തകഴി, കുന്നുമ്മ കാട്ടിൽപറമ്പിൽ കെ.ജി. പ്രസാദിന്റെ (57) വിധവയും മക്കളും പെരുവഴിയിലാകില്ല. പ്രസാദിന്റെ വീടും അഞ്ച് സെന്റ് വസ്തുവും ജപ്തി ചെയ്യാനുള്ള നടപടി നിറുത്തിവയ്ക്കാൻ പട്ടികജാതി, പട്ടികവർഗ വകുപ്പ് ഉത്തരവിട്ടു. പ്രസാദിന്റെ വീട് ജപ്തിയാകുന്നതു സംബന്ധിച്ച് കേരളകൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്ന് മന്ത്രി കെ. രാധാകൃഷ്ണന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.
പരമാവധി ഇളവ് നൽകി വായ്പ തീർപ്പാക്കാനും കുടുംബത്തോട് സംസാരിക്കാനും ഉദ്യോഗസ്ഥരോട് മന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്ന് ജില്ലാ മാനേജർ എം.കെ. ബോസും സംഘവും വീട്ടിലെത്തി. ജപ്തി ഒഴിവാക്കുന്നതിനുള്ള അപേക്ഷ എഴുതിവാങ്ങി. പ്രസാദിന്റെ ഭാര്യ ഓമന 2022 ആഗസ്റ്റ് 27ന് പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷനിൽ നിന്നെടുത്ത സ്വയം തൊഴിൽ വായ്പയിൽ 17,600 രൂപ കുടിശ്ശികയായതിനെ തുടർന്നാണ് ജപ്തി നോട്ടീസയച്ചത്.
ഓമനയുടെ അപേക്ഷ പരിഗണിച്ച് തീരുമാനിക്കുന്നതിനായി മന്ത്രിക്കും ഹെഡ് ഓഫീസിലേക്കും റിപ്പോർട്ട് നൽകുമെന്ന് പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ജില്ലാ മാനേജർ പറഞ്ഞു. പാട്ടത്തിനെടുത്ത മൂന്നര ഏക്കറിൽ വളമിടാൻ അരലക്ഷം രൂപ വായ്പ ലഭിക്കാത്തതിനെ തുടർന്ന് 2023 നവംബർ11നാണ് പ്രസാദ് ജീവനൊടുക്കിയത്.
'പ്രസാദിന്റെ കുടുംബത്തിനെതിരായ ജപ്തിനടപടി നിറുത്തിവയ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പലിശ ഇളവുകൾ നൽകി ഒറ്റത്തവണയിലൂടെ വായ്പ തീർപ്പാക്കും. കുടുംബത്തിന്റെ സാഹചര്യം മനസിലാക്കാതെ നോട്ടീസയച്ചതിൽ കോർപറേഷൻ എം.ഡിയോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കും".
- മന്ത്രി കെ. രാധാകൃഷ്ണൻ
'ജപ്തി താത്കാലികമായി നിറുത്തിവച്ചതുകൊണ്ട് കാര്യമില്ല. സാവകാശം തന്നാലും അടയ്ക്കാൻ മാർഗമില്ല. കൃഷിയിലൂടെ എനിക്കും കുടുംബത്തിനുമുണ്ടായ ബാദ്ധ്യത സർക്കാർ എഴുതിത്തള്ളണം".
-ഓമന, പ്രസാദിന്റെ ഭാര്യ
'പട്ടികജാതി ക്ഷേമ വികസന വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് ജപ്തി ഒഴിവാക്കുന്നതിനുള്ള നടപടിയെടുക്കും".
- പി. പ്രസാദ്, കൃഷിവകുപ്പ് മന്ത്രി
'പ്രസാദിന്റെ കുടുംബത്തിന്റെ കടബാദ്ധ്യത എഴുതിത്തള്ളണമെന്നും 25 ലക്ഷംരൂപ ധനസഹായം നൽകണമെന്നും മകൾക്ക് ജോലി നൽകണമെന്നുമാവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇക്കാര്യം പരിശോധിക്കാൻ പട്ടികജാതി വർഗ കോർപ്പറേഷൻ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി രാധാകൃഷ്ണൻ മറുപടിയും നൽകി. എന്നാൽ സഹായിച്ചില്ലെന്നു മാത്രമല്ല ജപ്തി നടപടി സ്വീകരിക്കുകയായിരുന്നു. ഇത് ന്യായീകരിക്കാനാകില്ല",
- രമേശ് ചെന്നിത്തല, എം.എൽ.എ
'ജപ്തി മനുഷ്യത്വരഹിതമാണ്. കർഷകനെ കൊലപ്പെടുത്തി കുടുംബത്തെയും ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണം".
- കെ. സുരേന്ദ്രൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്
'ജില്ലാ ഓഫീസിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചശേഷം ബോർഡിന്റെ അനുമതിയോടെ കുടുംബത്തെ സഹായിക്കും. നോട്ടീസയച്ചവർക്കെതിരെ അന്വേഷണമാരംഭിച്ചു".
- സുബ്രഹ്മണ്യൻ, എം.ഡി, പട്ടികജാതി വികസന കോർപ്പറേഷൻ
'സർക്കാർ ഇടപെട്ട് ജപ്തി നിറുത്തിവച്ചിട്ടുണ്ട്. കുടുംബത്തിന് സഹായകരമായ നിലപാട് കോർപ്പറേഷൻ സ്വീകരിക്കണം".
- ആർ.നാസർ, സി.പി.എം ജില്ലാ സെക്രട്ടറി