ambala

അമ്പലപ്പുഴ: കളർകോട് പാതയോരത്ത് കൂട്ടിയിട്ടിരിക്കുന്ന നനഞ്ഞമണ്ണും ഗ്രാവലും വ്യാപാരികൾക്കും യാത്രക്കാർക്കും ഒരുപോലെ തലവേദയാകുന്നു. കളർകോട് ചെങ്ങനാശേരി ജംഗ്ഷന് തെക്കുഭാഗത്ത് എസ്.ഡി കോളേജിന് സമീപമാണ് ഗ്യാസ് പൈപ്പിടാൻ കുഴിക്കുന്ന നനഞ്ഞ മണ്ണും ഗ്രാവലും കൂട്ടിയിട്ടിരിക്കുന്നത്. മഴപെയ്തതോടെ മാലിന്യം കലർന്ന ചെളിമണ്ണ് സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേക്ക് ഒലിച്ചിറങ്ങി ചെളിക്കുണ്ടായി. ഇതോടെ കടയിൽ സാധനം വാങ്ങാൻ ആൾക്കാർ എത്താതായിട്ട് ആഴ്ചകളായെന്നാണ് വ്യാപാരികൾ പറയുന്നു. വീടുകളിൽ നിന്ന് വാഹനം പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയിലാണ് പരിസരവാസികൾ.

പൈപ്പിടൽ ജോലികൾ തുടങ്ങിയിട്ട് ഒരുമാസം കഴിഞ്ഞു. ജോലി തുടങ്ങിയപ്പോൾ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ മണ്ണ് മാറ്റുമെന്നാണ് പറഞ്ഞ‌തെങ്കിലും അന്നുമുതലുള്ള മണ്ണ് അവിടെ തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. മണ്ണിടാൻ സമീപത്ത് സ്ഥലം ഏർപ്പാടാക്കാമെന്ന് പറഞ്ഞിട്ടും കരാറുകാർ തയ്യാറായില്ലെന്നും പ്രദേശവാസികൾ പറയുന്നു. വിദ്യാർത്ഥികൾ ചെളിയിൽ ചവിട്ടി വീഴുന്നതും ഇവിടെ പതിവാണ്. കടകളിൽ ആളുകളെത്താത്തത് വ്യാപാരികളെ വല്ലാതെ വലയ്ക്കുന്നുണ്ട്. എത്രയുംവേഗം മണ്ണ് നീക്കി ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നതാണ്

പ്രദേശവാസികളുടെയും വ്യാപാരികളുടെയും ആവശ്യം.