അമ്പലപ്പുഴ : യേശുദാസിന്റെ 84ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് പുന്നപ്ര ശാന്തിഭവനിൽ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനും ഭാര്യ മേരി ആൽബിനും ചേർന്ന് അന്തേവാസികൾക്ക് മധുരവിതരണം നടത്തി. തന്റെ പതിമൂന്നാമത്തെ വയസിൽ യേശുദാസിനെ നേരിൽ കാണാനായത് ജീവിത സൗഭാഗ്യങ്ങളിൽ ഒന്നായി കരുതുന്നതായി മാത്യു ആൽബിൻ പറഞ്ഞു. തൃശൂരിലെ തെരുവുകളിൽ അനാഥനായി അലഞ്ഞു നടക്കുകയായിരുന്നു ആൽബിൻ അപ്പോൾ. ഇവിടെ നിന്ന് സമ്പന്ന കുടുംബത്തിലെ ഒരംഗത്തെ ശുശ്രൂഷിക്കുന്ന ജോലിക്കായി പോയി. യേശുദാസിന്റെ ഗാനമേള ട്രൂപ്പിലെ ഗിത്താറിസ്റ്റിന്റെ ബന്ധുവായിരുന്നു ഈ വയോധികൻ. ആ സമയത്ത് തൃശൂരിൽ ഗാനമേളക്കെത്തിയ യേശുദാസ് ഉച്ചയൂണിനെത്തിയത് ഈ വീട്ടിലായിരുന്നു. ഗായകനെ കാണാനായി നല്ല വേഷം ധരിച്ച് കാത്തുനിന്ന ആൽബിനെ ആ കുടുംബത്തിലെ അംഗമായിരിക്കുമെന്ന് കരുതി യേശുദാസ് ചേർത്തുനിർത്തി.
പിൽക്കാലത്ത് മാത്യു ആൽബിന്റെ ജീവിതകഥയെ ആസ്പദമാക്കി നിർമ്മിച്ച കനൽകിരീടം എന്ന സിനിമയിലെ ഗാനങ്ങൾ ആലപിച്ചത് യേശുദാസാണ്. ശാന്തിഭവനിലെ അന്തേവാസികളെ കാണാൻ എന്നെങ്കിലും ഒരിക്കൽ ഗാന ഗന്ധർവൻ എത്തുമെന്ന പ്രതീക്ഷയിലാണ് ആൽബിൻ.