അമ്പലപ്പുഴ : പേട്ടതുള്ളലിനുള്ള അമ്പലപ്പുഴ സംഘം ഇന്ന് എരുമേലിയിൽ എത്തും. ക്ഷേത്രം ഭാരവാഹികളും വാവർ പള്ളി ഭാരവാഹികളും സംഘത്തെ സ്വീകരിക്കും. പേട്ടതുള്ളലിന് മുന്നോടിയായി മണിമലക്കാവ് ദേവീക്ഷേത്രത്തിൽ ബുധനാഴ്ച ആഴി പൂജ നടത്തിയ ശേഷമാണ് സംഘം എരുമേലിയിലെത്തിയത്. ഇന്ന് വൈകിട്ട് വാവർ പള്ളിയിൽ നടക്കുന്ന മതസൗഹാർദ്ദ സമ്മേളനത്തിൽ സംഘം പ്രതിനിധികൾ പങ്കെടുക്കും. വെള്ളിയാഴ്ചയാണ് പേട്ടതുള്ളൽ. ദേഹമാസകലം ചായം പൂശി പച്ചില തൂപ്പുകളും കൈയ്യിലേന്തിയാണ് പേട്ട തുള്ളുന്നത്. ഉച്ചക്ക് വിഷ്ണു ചൈതന്യം അറിയിച്ച് മാനത്ത് വട്ടമിട്ടു പറക്കുന്ന ശ്രീകൃഷ്ണപ്പരുന്തിനെ ദർശിക്കുന്നതോടെ ആരംഭിക്കുന്ന പേട്ടതുള്ളൽ മൂന്നുമണിയോടെ സമാപിക്കും.