ആലപ്പുഴ: 'അയല പൊരിച്ചതുണ്ട്, കരിമീൻ വറുത്തതുണ്ട് '... ആലപ്പുഴക്കാരനായ ശ്രീകുമാരൻ തമ്പിയുടെ വരികൾ കാതുകൾക്ക് ഇമ്പമായിരുന്നെങ്കിൽ, ഭക്ഷണകമ്പക്കാർക്കായി മത്സ്യഫെഡിന്റെ സീ ഫുഡ് റസ്റ്റോറന്റ് വരുന്നു. സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലെ മത്സ്യഫെഡ് വൈവിധ്യവക്കരണത്തിന്റെ ഭാഗമായിയായണ് വിഴിഞ്ഞം ആഴാകുളത്തിന് പിന്നാലെ ആലപ്പുഴ നഗരത്തിലും റസ്റ്റോറന്റൊരുക്കുന്നത്.
സക്കറിയാ ബസാറിനും ബീച്ചിനുമിടയിൽ അരയേക്കറോളം സ്ഥലത്ത് റസ്റ്റോറന്റ് സജ്ജമാക്കാനാണ് പദ്ധതി. ഇതിനായി സ്ഥലം കണ്ടെത്താനുളള ഊർജിത ശ്രമത്തിലാണ് മത്സ്യഫെഡ്. അഴീക്കൽ മുതൽ അരൂർ വരെ നീളുന്ന ആലപ്പുഴ തീരത്തെ കടൽ മീനുകൾക്കൊപ്പം കായൽ മത്സ്യങ്ങളുടെയും വേറിട്ട വിഭവങ്ങളാകും റസ്റ്റോറന്റിന്റെ പ്രത്യേകത.
ടൂറിസം കേന്ദ്രമെന്ന നിലയിൽ സ്വദേശികൾക്കൊപ്പം വിദേശികളെ കൂടി ആകർഷിക്കത്തക്ക വിധം മത്സ്യങ്ങളുടെ വേറിട്ടവിഭവങ്ങളാകും ആലപ്പുഴയിൽ അതിഥികൾക്ക് വിളമ്പുക. നെത്തോലി മുതൽ നെയ്മീൻ വരെ ചെറുതും വലുതുമായ മത്സ്യങ്ങളുടെ കറിയും ഫ്രൈയും മപ്പാസും പീരയും എന്നുവേണ്ട നല്ല നാടൻ മൺചട്ടിയിലെ വിഭവങ്ങൾ വരെ ആലപ്പുഴത്തീരത്ത് ഇനി രുചിയുടെ ചാകരയാകും. മത്സ്യതൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം വൈവിദ്ധ്യവത്ക്കരണത്തിലൂടെ മത്സ്യഫെഡിനെ ലാഭകരമാക്കുകയാണ് ലക്ഷ്യം.
വരാലും കരിമീനും സ്പെഷ്യൽ
1.കുത്തരി ചോറിനൊപ്പം കുട്ടനാടൻ പാടങ്ങളിലും കായലിലും വിളഞ്ഞ നല്ലൊന്നാന്തരം വരാലും കരിമീനും പൊടിമീനും കൊഞ്ചും കക്കയും കല്ലുമ്മക്കായുമെല്ലാം സീഫുഡ് റസ്റ്റോറന്റിൽ വിശിഷ്ടവിഭവങ്ങളാകും
2.ഷാപ്പിലെ കറികൾ, സ്പെഷ്യൽ കപ്പ, ചക്ക അവിച്ചത് തുടങ്ങി സീസണനുസരിച്ച് എല്ലാവിധ നാടൻ വിഭവങ്ങളും റസ്റ്റോറന്റിലുണ്ടാകും
3.ഊണിനെക്കൂടാതെ പുട്ട്, ദോശ, അപ്പം, കിണ്ണത്തപ്പം, നാടൻ കള്ളുചേർത്തുണ്ടാക്കിയ പലഹാരങ്ങൾ തുടങ്ങിയവയും വിളമ്പും
4.സ്വദേശ, വിദേശ വിഭവങ്ങൾ പാകപ്പെടുത്തുന്നതിൽ പരിചയസമ്പന്നരായ ഷെഫുകളെ നിയോഗിക്കും
പാർക്കിംഗ് മുതൽ പാഴ്സൽവരെ
പാഴ്സൽ കൗണ്ടർ
സെൽഫി പോയിന്റ്
വിശാലമായ പാർക്കിംഗ്
ഹട്ടുകൾ
പൂന്തോട്ടം
ടോയ്ലറ്റ് ബ്ളോക്ക്
വിശ്രമകേന്ദ്രം
സി.സി ടി.വി നിരീക്ഷണം
ആലപ്പുഴയിൽ ഉടൻ സ്ഥലം കണ്ടെത്തി റസ്റ്റോറന്റ് ആരംഭിക്കാനുള്ള ശ്രമത്തിലാണ്. ദേശീയപാതയുടെയും ബൈപ്പാസിന്റെയും നിർമ്മാണം നടക്കുന്നതിനാൽ റോഡരികിൽ സ്ഥലം കണ്ടെത്തുക ദുഷ്കരമാണ്. സക്കറിയബസാറിനും ബീച്ചിനും ഇടയിലാണ് സ്ഥലത്തിന് ശ്രമിക്കുന്നത്. പത്തുവർഷത്തേക്കെങ്കിലും സ്ഥലം വിട്ടുകിട്ടിയാലേ പ്രയോജനമുള്ളു
- ഷാനവാസ്, ജില്ലാമാനേജർ, മത്സ്യഫെഡ്