
അമ്പലപ്പുഴ: ഭവനവായ്‌പ ലഭിക്കാത്തതിന്റെ വിഷമത്തിൽ ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു.
പുറക്കാട് പഞ്ചായത്ത് ആറാം വാർഡ് കനകമംഗലം വീട്ടിൽ കർഷകനായ സുന്ദരേശൻ (55) ആണ് കീടനാശിനി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്നലെ വൈകുന്നേരം തെങ്ങിനടിക്കാൻ സൂക്ഷിച്ചിരുന്ന കീടനാശിനി കഴിച്ച സുന്ദരേശനെ ഉടൻ തന്നെ ബന്ധുക്കൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണംചെയ്ത സുന്ദരേശനെ പിന്നീട് വാർഡിലേക്ക് മാറ്റി.
ലൈഫ് പദ്ധതിയിൽ വീട് അനുവദിക്കുകയും രണ്ടു ലക്ഷം രൂപ സുന്ദരേശന് ലഭിക്കുകയും ചെയ്‌തിരുന്നു. അടിത്തറ പൂർത്തിയായപ്പോൾ 4 ലക്ഷം രൂപയോളം കൈയിൽ നിന്ന് ചെലവായി. ബാക്കികൂടി പണിതാലേ അടുത്ത ഗഡു പണം ലഭിക്കുകയുള്ളൂ എന്നായപ്പോൾ അമ്പലപ്പുഴ കാനറാ ബാങ്ക് ശാഖയിൽ അപേക്ഷിച്ചു. ആവശ്യമായ രേഖകളും സമർപ്പിച്ചു. എന്നാൽ, സുന്ദരേശന്റെ പേരിൽ വാഹന ലോണുണ്ടെന്നും അത് അടച്ചുതീർത്താലേസിബിൽ സ്കാേർ ഉയരൂവെന്നും അറിയിച്ചു. ഇതനുസരിച്ച് മറ്റൊരുബാങ്കിലുണ്ടായിരുന്ന
വാഹന ലോണും അടച്ചു തീർത്തു. വീണ്ടും ബാങ്കിനെ സമീപിച്ചെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് വായ്‌പ നീട്ടിക്കൊണ്ടു പോയതാണ് മനോവിഷമത്തിന് കാരണമെന്ന് സുന്ദരേശൻ പറയുന്നു.
നെല്ലിന്റെ പണവും കിട്ടാനുണ്ട്
വീടുവയ്ക്കുന്നതുകൊണ്ട് ഷെഡിലാണ് സുന്ദരേശന്റെയും കുടുംബത്തിന്റെയും താമസം. കിടപ്പു രോഗിയായ അമ്മ കനകമ്മയും വാഹനാപകടത്തിൽ കാൽ ഒടിഞ്ഞ ഭാര്യയും മകൻ അഖിലുമാണ് വീട്ടിലുള്ളത്. ഗ്രേസിംഗ് ബ്ലോക്കിൽ നാല് ഏക്കർ നിലവും അപ്പാത്തിക്കരി പാടശേഖരത്ത് ഒരേക്കർ നിലവും പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നുണ്ട്. 75 ക്വിന്റൽ നെല്ല് കഴിഞ്ഞ മാസം സപ്ലൈകോക്ക് നൽകിയിരുന്നു. ഇതിന്റെ വിലയായ 2 ലക്ഷം രൂപ ലഭിച്ചിട്ടില്ല. പലരിൽ നിന്ന് കടം വാങ്ങിയും സ്വർണം പണയംവച്ചുമാണ് കൃഷി നടത്തുന്നതെന്നും പണം ലഭിച്ചാലും കടക്കാർക്ക് കൊടുക്കാനേ തികയുകയുള്ളൂവെന്നും സുന്ദരേശൻ പറയുന്നു.