ആലപ്പുഴ: സി.പി.എം ലോക്കൽ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ നേതാവുമായിരുന്ന ഗിരീഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴ് പ്രതികളെ പതിനൊന്നര വർഷം കഠിന തടവിനും ഓരോ ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലങ്കിൽ ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണം.
കുതിരപ്പന്തി ചിറമുറിക്കൽ ഷാജിയെന്ന ഷാമോൻ, ഇരവുകാട് തൈപ്പറമ്പിൽ ഉണ്ണിയെന്ന അഖിൽ, ഇരവുകാട് മറുതാച്ചിക്കൽ വീട്ടിൽ ഉണ്ണി, ഇരവുകാട് കൊമ്പത്താംപറമ്പിൽ വീട്ടിൽ അജയൻ, കിഴക്കേ കണ്ടത്തിൽ ശരത് ബാബു, കുതിരപ്പന്തി ഉമ്മാപറമ്പിൽ അരുൺ,
ചിറമുറിക്കൽ വീട്ടിൽ മഹേഷ് എന്നിവരെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജി എസ്.ഭാരതി ശിക്ഷിച്ചത്.
കളർകോട് മാടശേരിൽ ഗോപാലകൃഷ്ണന്റെ മകനും സി.പി.എം കളർകോട് ലോക്കൽ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ ഏരിയ കമ്മറ്റി അംഗവുമായ ഗിരീഷ് കുമാറിനെ 2013 ഫെബ്രുവരി 12ന് ബന്ധുവിന്റെ കുട്ടിയുടെ പേരിടൽ ചടങ്ങിന് ശേഷം പുറത്തിറങ്ങിയപ്പോൾ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്.
ഇരവുകാട് ബൈപ്പാസിലെ മദ്യ-മയക്കുമരുന്നു വ്യാപാരത്തിനും ഉപഭോഗത്തിനുമെതിരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ക്യാമ്പയിൻ നടത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു അക്രമം. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് എ ശ്രീമോൻ ഹാജരായി.