ചേർത്തല:ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂളിൽ എഡ്യു ഫെസ്​റ്റ് പദ്ധതി നടപ്പാക്കുന്നു.വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായുള്ള പദ്ധതിക്ക് നാളെ തുടക്കമാകും.അമ്മ അറിയാൻ,വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കുന്ന വിദ്യാലയം വീട്ടിലേക്ക് എന്നീ പദ്ധതികളുടെ തുടർച്ചയായാണ് എഡ്യു ഫെസ്​റ്റ് പദ്ധതി.
പദ്ധതി നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ലിഡ ഉദയൻ,ഹെഡ്മിസ്ട്രസ് കെ.പി.ഷീബ,ഗേൾസ് സ്‌കൂൾ പ്രഥമാദ്ധ്യാപിക എസ്.സുജിഷ,വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ രജനി രവീന്ദ്രൻ, ഫെസ്​റ്റ് ജനറൽ കൺവീനർ ബാബുരാമചന്ദ്രൻ,അദ്ധ്യാപകൻ കെ.ഡി.അജിമോൻ,അനിലാൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.അഞ്ചു മുതൽ 12വരെ ക്ലാസുകളിൽ പഠിക്കുന്ന 860 കുട്ടികളെയാണ് പഠനമികവിന്റെയും വിവിധമേഖലയിലെ മികവിന്റെയും അടിസ്ഥാനത്തിൽ ആദരിക്കുന്നത്.
രാവിലെ 9.30ന് കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എസ്.എൻ ട്രസ്​റ്റ് ബോർഡംഗം പ്രീതിനടേശൻ ദീപം തെളിക്കും.കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷനാകും.മന്ത്റി പി.പ്രസാദ് പദ്ധതി ഉദ്ഘാടനം ചെയ്യും.പി.പി.ചിത്തരഞ്ജൻ എം.എൽ.എ അവാർഡുകൾ വിതരണം ചെയ്യും.സ്‌കുൾ അഡ്മിനിസ്ട്രേ​റ്റർ ഇ.ജി.ബാബു പദ്ധതി വിശദീകരിക്കും.സ്കൂൾ മാനേജർ ഡി.രാധാകൃഷ്ണൻ,കണിച്ചുകുളങ്ങര ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ തുടങ്ങിയവർ സംസാരിക്കും. ഹെഡ്മിസ്ട്രസ് കെ.പി.ഷീബ സ്വാഗതവും ബാബു രാമചന്ദ്രൻ നന്ദിയും പറയും.