vendakrishi-subramanyan

മാന്നാർ : ജൈവരീതിയിലൂടെ വെണ്ടകൃഷിയിൽ വിജയഗാഥ രചിക്കുകയാണ് മാന്നാർ കുട്ടംപേരൂർ തട്ടാരുപറമ്പിൽ സുബ്രഹ്മണ്യനും ഭാര്യ രശ്മിയും. പരേതരായ കൊച്ചുകൃഷ്ണന്റെയും കമലമ്മയുടെയും ഏകമകനായ സുബ്രഹ്മണ്യന് പിതാവിൽ നിന്നും പകർന്നു കിട്ടിയതാണ് കൃഷിയോടുള്ള സ്നേഹം. മാന്നാർ ബസ് സ്റ്റാൻഡിനു തെക്ക് ടർഫ്കോർട്ടിന് സമീപമുള്ള ഒരേക്കർ ഭൂമി പാട്ടത്തിനെടുത്താണ് സുബ്രഹ്മണ്യന്റെ വെണ്ടകൃഷി. രണ്ടു മാസം നടത്തിയ കഠിനാധ്വാനത്തിൻറെ ഫലമാണ് നൂറുമേനി വിളവെടുപ്പ്. ഫാർമേഴ്‌സ് പ്രൊഡ്യൂസഴ്സ് കമ്പനിയിൽ നിന്നും വാങ്ങിയ വിത്തുകൾ പാകി കിളിർപ്പിച്ച് നീളത്തിൽ വരിവരിയായി നട്ടുപിടിപ്പിച്ച് ചിട്ടയായി നടത്തിയ കൃഷി രീതികൾ ലളിതവും മാതൃകാപരവുമാണ്. ഗോമൂത്രവും ചാണകവും ആണ് വളമായി ഉപയോഗിക്കുന്നത്.രാവിലെയും വൈകിട്ടും കൃഷി സ്ഥലത്തുണ്ടാവും ഈ നാടൻ കർഷകൻ. കിലോ 60 രൂപ നിരക്കിൽ വെണ്ടയ്ക്ക വാങ്ങുവാനായി സുബ്രഹ്മണ്യന്റെ കൃഷി സ്ഥലത്തേക്ക് ആവശ്യക്കാർ നേരിട്ടെത്തുകയാണ്. മാന്നാർ കൃഷി ഓഫീസർ പി.സി ഹരികുമാർ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും കൂടുതൽ ഇനങ്ങൾ കൃഷി ചെയ്യുന്നതിന് സഹായങ്ങൾ വാഗ്ദാനം ചെയ്യുകയുമുണ്ടായി. പയർ, ചീര, പടവലം തുടങ്ങിയവ കൂടി കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. പീരുമേട് അയ്യപ്പാ കോളേജിൽ ബി.എസ് സി ജിയോളജി ഒന്നാംവർഷ വിദ്യാർത്ഥിനിയായ കാർത്തികയും കുട്ടംപേരൂർ കുന്നത്തൂർ യു.പി സ്‌കൂൾ യു.കെ.ജി വിദ്യാർത്ഥി ദേവദർശുമാണ് സുബ്രഹ്മണ്യന്റെ മക്കൾ.