photo

ചേർത്തല: 108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം. തുറവൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലേയ്ക്കുള്ള യാത്രാമദ്ധ്യേ കഞ്ഞിക്കുഴിയിൽവച്ചാണ് യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച രാത്രിയിലാണ് തൈക്കാട്ടുശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന 108 ആംബുലൻസിലേക്ക് താലൂക്ക് ആശുപത്രിയിൽ നിന്ന് വിവരമെത്തിയത്.

ആംബുലൻസ് ജീവനക്കാരായ എമർജൻസി ടെക്നീഷ്യൻ (നഴ്സ്) വി.ടി.അരുൺ, ഡ്രൈവർ വി.ആർ.രാജീസ് എന്നിവർ തുറവൂർ താലൂക്ക് ആശുപത്രിയിലെത്തി യുവതിയെ ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് തിരിക്കുകയായിരുന്നു. കഞ്ഞിക്കുഴിയിലെത്തിയപ്പോൾ യുവതിക്ക് വേദന അസഹനീയമാകുകയും താമസിയാതെ

പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. നഴ്സ് അരുൺ കുഞ്ഞിനെ സുരക്ഷിതമായി ആബുലൻസിലുണ്ടായിരുന്ന യുവതിയുടെ അമ്മയ്ക്ക് കൈമാറി. തുടർന്ന് യുവതിയെയും കുഞ്ഞിനേയും വിദഗ്ദ പരിശോധനയ്ക്കായി ആബുലൻസിൽ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാ​റ്റി. യുവതിയും കുഞ്ഞും സുഖമായിരിക്കുന്നു. നഴ്സ് അരുണും ഡ്രൈവർ രാജീസും കഴിഞ്ഞ 8 വർഷമായി 108 ആംബുലൻസിൽ ജോലി ചെയ്തുവരികയാണ്.