ആലപ്പുഴ : കേന്ദ്ര വിഹിതമായ 320കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ചതോടെ സപ്ളെകോ സംഭരിച്ച നെല്ലിന്റെ വില അടുത്ത ആഴ്ച മുതൽ വിതരണം ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിൽ അധികൃതർ. നിലവിലെ കുടിശികയിലേക്ക് ഈ തുക വകയിരുത്തുന്നതോടെ നെല്ല് വില നൽകാൻ ബാങ്ക് കൺസോർഷ്യം പുതിയ വായ്പ അനുവദിക്കും. ഇതോടെ കർഷകരരുടെ അക്കൗണ്ടിലേക്ക് നെല്ല് വില 16മുതൽ ലഭ്യമാകും. ബാങ്കുകൾക്ക് കർഷകരുടെ ലിസ്റ്റ് സപ്ളൈകോ ഉടൻ നൽകും.

എസ്.ബി.ഐ, കാനറ ബാങ്കുകൾ വഴി കിട്ടേണ്ടതിൽ ഒരു വിഹിതമാണ് ഇപ്പോൾ ലഭിച്ചത്. ഇതോടെ രണ്ടാംകൃഷിയിൽ സംഭരിച്ച നെല്ലിന്റെ വില പൂർണ്ണമായും നൽകാനാകും. ശേഷിച്ച തുക ലഭിക്കുന്നതിനായി കേന്ദ്രത്തിൽ കണക്ക് സമർപ്പിക്കാനുള്ള ശ്രമത്തിലാണ് സപ്ളൈകോ.

ജില്ലയിൽ രണ്ടാം കൃഷിയുടെ വിളവെടുപ്പ് അവസാനഘട്ടത്തിലായിട്ടും സംഭരിച്ച നെല്ലിന്റെ വില പൂർണ്ണമായും വിതരണം ചെയ്യാത്തത് പുഞ്ചകൃഷിക്ക് തയ്യാറെടുക്കുന്ന കർഷകരെ ആശങ്കപ്പെടുത്തിയിരുന്നു. 36460.68 ടൺ നെല്ലാണ് ജില്ലയിൽ ഇതിനോടകം സംഭരിച്ചത്. നെല്ലിന്റെ വിലയുടെ 50 ശതമാനം പോലും കർഷകർക്ക് ഇതുവരെ നൽകിയിട്ടില്ല.

9228 ഹെക്ടറിലാണ് ഇക്കുറി രണ്ടാംകൃഷി ഇറക്കിയത്. 6265കർഷകരിൽ നിന്നായി സംഭരിച്ച നെല്ലിന്റെ വിലയിൽ 53.96കോടി രൂപ മാത്രമാണ് അക്കൗണ്ടിൽ എത്തിയത്. രണ്ടാം കൃഷിയെക്കാൾ മൂന്നിരട്ടി പ്രദേശത്താണ് പുഞ്ചകൃഷി ഇറക്കുന്നത്. ജില്ലയിൽ പുഞ്ചക്കൃഷി 70ദിവസം പിന്നിട്ട പാടങ്ങളുമുണ്ട്. ഇതോടെ സംഭരണത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചെങ്കിലും 1743 കർഷകർമാത്രമാണ് രജിസ്റ്റർ ചെയ്തത്. ഒന്നരമാസത്തിനുള്ളിൽ വിളവെടുപ്പ് ആരംഭിക്കും.

രണ്ടാം കൃഷി

കൃഷിയിറക്കിയത് : 9228 ഹെക്ടറിൽ

കർഷകർ: 6265

സംഭരിച്ച നെല്ല് : 36458.68 ടൺ

നൽകേണ്ട വില : 103.8 കോടി

കൈകാര്യ ചെലവ്: 44.17ലക്ഷം

ഇതുവരെ നൽകിയത്: 53.96 കോടി

പേ ഓർഡർ നൽകിയത്: 101.16 കോടി