
മാന്നാർ: ആംബുലൻസ് സർവീസുകൾക്കെതിരെ ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ ചെങ്ങന്നൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ആംബുലൻസുകളിൽ പരിശോധന നടത്തി. ക്രമക്കേടുകൾ കണ്ടെത്തിയ ആംബുലൻസുകൾക്ക് എതിരെ നടപടിയെടുത്തു. രാവിലെ 11ന് പരുമല ആശുപത്രിക്ക് സമീപം നടന്ന പരിശോധനയിൽ ഫിറ്റ്നസ് ഇല്ലാതെയും ഇൻഷുറൻസ് ഇല്ലാതെയും സർവീസ് നടത്തിയിരുന്ന ആംബുലൻസ് പിടികൂടി. കൊല്ലകടവ് സഞ്ജീവനി ഹോസ്പിറ്റൽ ജംഗ്ഷൻ, ചെങ്ങന്നൂർ ഗവ.ഹോസ്പിറ്റൽ ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി ക്രാഷ് ഗാർഡ് ഉപയോഗിച്ചും ടോപ് ലൈറ്റ് ഇല്ലാതെയും ഉപയോഗിച്ചിരുന്ന ആംബുലൻസസുകൾ കണ്ടെത്തി നിയമ ലംഘനത്തിന് പിഴ ഈടാക്കി. ചെങ്ങന്നൂർ ജോയിന്റ് ആർ.ടി.ഒ ആർ.പ്രസാദ്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ജിനേഷ്.ബി,അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ശ്യാം കുമാർ, വിശാഖ് ബി.എസ്.പിള്ള എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.