തുറവൂർ : തുറവൂരിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വീണ്ടും ജലവിതരണം നിലച്ചു. തുറവൂർ ആലയ്ക്കാപറമ്പിൽ ശനിയാഴ്ച ഉച്ചയ്ക്ക് ദേശീയപാതയുടെ നവീകരണ ജോലിക്കിടെ പൊട്ടിയ പ്രധാന പൈപ്പിന്റെ അറ്റകുറ്റപ്പണി ചൊവ്വാഴ്‌ച പൂർത്തിയാക്കി പമ്പിംഗ് ആരംഭിച്ചപ്പോഴാണ് തുറവൂർ താലൂക്ക് ആശുപത്രിക്ക് മുന്നിൽ പൈപ്പ് പൊട്ടിയത്.

അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേയുടെ തൂണുകൾക്ക് മുകളിൽ കോൺക്രീറ്റ് ഗർഡർ സ്‌ഥാപിക്കുന്നതിനായുളള ലോഞ്ചിംഗ് ഗാൻട്രിയുടെ റെയിലുകൾ ഉറപ്പിക്കുന്നതിനായി ഇരുമ്പ് കമ്പികൾ അടിച്ചുറപ്പിക്കുമ്പോഴായിരുന്നു രണ്ടാമത് പൈപ്പ് പൊട്ടൽ.

9ന് രാത്രിയോടെയായിരുന്നു സംഭവം. പ്രധാന ജി.ആർ.പി പൈപ്പ് ലൈനിൽ നിന്ന് തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളിലേക്ക് ശുദ്ധജല വിതരണം നടത്തുന്ന പൈപ്പാണ് പൊട്ടിയത്. ഇതോടെ തുറവൂർ ജംഗ്ഷനിൽ നിന്ന് വടക്കോട്ട് ആശുപത്രിക്ക് മുന്നിൽ വരെ 300 മീറ്ററോളം വെള്ളക്കെട്ടായി. വാട്ടർ അതോറിട്ടി തുറവൂർ സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെത്തി പമ്പിംഗ് നിർത്തിയതോടെയാണ് കുത്തൊഴുക്ക് നിയന്ത്രിക്കാനായത്. ഇന്നലെ രാവിലെ ലോഞ്ചിംഗ് ഗാൻട്രിയുടെ റെയിലുകൾ മാറ്റിയതിന് ശേഷം പൈപ്പിലെ ചോർച്ച അടച്ചു. വൈകിട്ടോടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി പമ്പിംഗ് പുനരാംഭിച്ചു. തുടർച്ചയായ പൈപ്പ് പൊട്ടൽ കാരണം മുടങ്ങിയ ജലവിതരണം ബ്ലോക്ക് പരിധിയിലെ 8 പഞ്ചായത്തുകളിൽ ഇതുവരെ പൂർണമായി പുനസ്ഥാപിച്ചിട്ടില്ല.