
ആലപ്പുഴ: സെറ്റിലെ തിരക്കുകൾക്കിടയിലും കലാസംവിധായകൻ സുരേഷ് കൊല്ലത്തിന്റെ മനസുനിറയെ വീട്ടുമുറ്റത്തെ ബയോഫ്ലോക്കിലെ മത്സ്യങ്ങളാണ്. നിരവധി ഹിറ്റ് സിനിമകളുടെ അണിയറയിൽ പ്രവർത്തിച്ച മിടുക്കനായ സെറ്റ് മേക്കറാണ് സുരേഷ്. എന്നാൽ ആലപ്പുഴയിലെ വെളിയിൽ പുത്തൻവീട്ടിലെത്തിയാൽ കലാസംവിധായകന്റെ വേഷം അഴിച്ചുവച്ച് സംരഭകനായി മാറും. തിലോപ്പിയും വരാലും ചെമ്പല്ലിയും തുടങ്ങി ബയോഫ്ലോക്കിൽ ഓടിക്കളിക്കുന്ന മത്സ്യങ്ങളാണ് പിന്നെ ലോകം.
മുറ്റത്ത് മൂന്ന് സംരംഭം
കൊല്ലം സ്വദേശിയായ സുരേഷ്, ഭാര്യ രശ്മി, മക്കൾ ചിന്മയി, ജഗന്മയി എന്നിവർ 13 വർഷമായി ആലപ്പുഴയിലാണ് സ്ഥിരതാമസം. കൊവിഡ് കാലത്തെ ദുരിതമാണ് സംരംഭകത്വത്തിലേക്ക് സുരേഷിനെ എത്തിച്ചത്. ഏഴു ലക്ഷത്തോളം രൂപ മുടക്കി വീട്ടുമുറ്റത്ത് മൂന്ന് ബയോഫ്ലോക്ക് ടാങ്കുകൾ സ്ഥാപിച്ചു. മത്സ്യക്കൃഷി തുടങ്ങി. ഭാര്യ രഷ്മിയും വിട്ടുകൊടുത്തില്ല. വീടിനോടു ചേർന്ന് ബ്യൂട്ടി പാർലറും വനിതകൾക്കായി ഫിറ്റ്നെസ് സെന്ററും ആരംഭിച്ചു.
സെറ്റിലെത്തിയാൽ മട്ട് മാറും
ഡ്രോയിംഗിൽ ഡിപ്ലോമ പൂർത്തിയാക്കി 1994ലാണ് സുരേഷ് ചലച്ചിത്ര രംഗത്തെത്തുന്നത്. മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങളിൽ സുരേഷിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. മിന്നാരം, തേന്മാവിൻകൊമ്പത്ത്, കാലാപാനി, മാന്ത്രികം തുടങ്ങി ഒട്ടെറെ ഹിറ്റുകളിൽ കലാസംവിധാന സഹായിയായി പ്രവർത്തിച്ചു. കമലിന്റെ മധുരനൊമ്പരക്കാറ്റിലൂടെ ആദ്യമായി സ്വതന്ത്ര കലാസംവിധായകനായി. രഞ്ജിത്ത് ചിത്രമായ നമ്മൾ, കമൽ ചിത്രമായ സെല്ലുലോയ്ഡ് എന്നിവയിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അർഹനായി. മാളികപ്പുറമാണ് ഏറ്റവും പുതിയ ചിത്രം. ഹൈദരാബാദിൽ സംവിധായകൻ പ്രിയദർശന്റെ അയോദ്ധ്യ ഡോക്യുമെന്ററിയുടെ ഭാഗമാണ് നിലവിൽ സുരേഷ്.
സിനിമകളിൽ നിന്നുള്ള ഇടവേളകളിലാണ് കർഷകനാകുന്നത്. ലാഭവും നഷ്ടവുമെല്ലാം സംഭവിക്കാറുണ്ട്. എങ്കിലും മത്സ്യക്കൃഷി നൽകുന്ന സന്തോഷത്തിൽ തൃപ്തനാണ്
-സുരേഷ് കൊല്ലം