photo

ചേർത്തല: 22ന് അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയിൽ നടക്കുന്ന പ്രാണപ്രതിഷ്ഠാകർമ്മം ഓരോ ഭാരതീയന്റെയും അഭിമാനമുയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആർ.എസ്.എസ് പ്രാന്തീയ കാര്യകാരി സദസ്യൻ എ.ആർ.മോഹനിൽ നിന്ന് അയോദ്ധ്യയിൽ പൂജിച്ച അക്ഷതം കണിച്ചുകുളങ്ങരയിലെ വസതിയിൽ പ്രീതി നടേശനൊപ്പം ഏ​റ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിജീവിതത്തിലും കർമ്മപഥത്തിലും മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രഭഗവാൻ മതസമന്വയത്തിന്റെ ഉത്തമ പ്രതീകമാണ്. പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനത്തിലും എത്തണം. ഇതിനായി പ്രതിഷ്ഠാമുഹൂർത്തത്തിൽ വിശ്വാസികൾ വീട്ടിൽ ദീപം തെളിച്ച് ലോകനന്മയ്ക്കായി പ്രാർത്ഥിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്തു. പ്രാന്തീയ കാര്യകാരി സദസ്യൻ വി.മുരളീധരൻ, വിഭാഗ് ശാരീരിക് പ്രമുഖ് എ.വി.ഷിജു, ജില്ലാ സഹകാര്യവാഹ് കെ.എം.മഹേഷ്, അയോദ്ധ്യ ജില്ലാ സംയോജക് വി.വിനോദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.