prakasan

ആലപ്പുഴ: നെല്ലിന്റെ സംഭരണവില പൂർണമായി കിട്ടാത്തതിലുണ്ടായ കടബാദ്ധ്യതയെത്തുടർന്ന് ജീവനൊടുക്കിയ നെൽകർഷകൻ കെ.ആർ.രാജപ്പന്റെ കുടുംബം കരകയറിയില്ല. സെപ്തംബർ 17നാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീലികാട്ടുചിറയിൽ രാജപ്പൻ കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്തത്. ഡിസംബർ 21ന് അർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്ന മകൻ പ്രകാശനും മരിച്ചു. 5.5 ലക്ഷം രൂപയുടെ കടമാണ് പ്രകാശന്റെ അമ്മ രുഗ്മിണി, ഭാര്യ പ്രമീള, ഇളയമകൾ ശ്രീലക്ഷ്മി എന്നിവരടങ്ങുന്ന കുടുംബത്തെ വേട്ടയാടുന്നത്. കാർഷിക വായ്പ ഉൾപ്പെടെയാണിത്.

രാജപ്പൻ മരിച്ചതിനു പിന്നാലെ നെല്ലിന്റെ കുടിശ്ശിക നൽകിയതൊഴിച്ചാൽ സർക്കാരിന്റെ ഭാഗത്തു നിന്ന് മറ്റ് സഹായം ലഭിച്ചിട്ടില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ശ്രീലക്ഷ്മിയാണ് ഏക വരുമാന മാർഗം. പ്രമീള ആലപ്പുഴ മെഡിക്കൽ കോളേജ് ഹോസ്റ്റൽ മെസിൽ പാചക സഹായിയായി പോകാനുള്ള തയ്യാറെടുപ്പിലാണ്. പ്രകാശിന്റെ മൂത്ത മകൾ രാജലക്ഷ്മി വിവാഹം കഴിഞ്ഞ് ഭൃതൃവീട്ടിലാണ്.

ഓൺലൈൻ കുരുക്കിൽ മരണസർട്ടിഫിക്കറ്റ്

പ്രകാശൻ കാർഷികാവശ്യത്തിനായി സ്വകാര്യ ബാങ്കിൽ നിന്ന് ഒന്നരലക്ഷം രൂപ വായ്പയെടുത്തിരുന്നു. രോഗം മൂർച്ഛിച്ചതോടെ ചികിത്സയ്ക്കായി ഒരേക്കർ നിലം നാലു ലക്ഷം രൂപയ്ക്ക് ഒറ്റികൊടുത്തു. പ്രകാശന്റെ മരണസർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ കാർഷിക വായ്പയിൽ നിന്ന് മോചനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. എന്നാൽ,​ സർക്കാരിന്റെ ഓൺലൈൻ സേവനങ്ങൾ കെ- സ്മാർട്ടിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക കാലതാമസം സർട്ടിഫിക്കറ്റ് വൈകിപ്പിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രകാശന്റെ മരണം.

കിട്ടിയതെല്ലാം ചികിത്സയ്ക്ക്

രാജപ്പന്റെ ആത്മഹത്യയെത്തുടർന്ന് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ഇടപെട്ട് മൂന്നു ലക്ഷം രൂപയും മറ്റൊരു സുമനസ് ഒന്നരലക്ഷവും കുടുംബത്തിന് സഹായമായി നൽകി. ഇതുകൊണ്ട് കടം വീട്ടാമെന്ന് കരുതിയിരിക്കേയാണ് പ്രകാശന് രോഗം മൂർച്ഛിച്ചത്. അർബുദത്തെ തുടർന്ന് മേയിൽ നാവ് മുറിച്ചിരുന്നു. 33 റേഡിയേഷനും ഏഴ് കീമോയും ചെയ്തു. നവംബറിലെ ചികിത്സയ്ക്ക് മാത്രം നാലരലക്ഷം രൂപയിലധികം ചെലവായി. മൂന്ന് വർഷത്തോളം ഒരുവശം തളർന്നു കിടന്നിരുന്ന രാജപ്പന്റെ ഭാര്യ രുഗ്മിണിക്ക് രോഗം ഭേദമായെങ്കിലും മാസം മൂവായിരം രൂപയോളം മരുന്നിനായി വേണം.

അച്ഛന്റെ പേരിലാണ് ബാങ്കിലെ വായ്പ. മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഇളവ് നൽകുമെന്നാണ് പ്രതീക്ഷ. നിലം ഒറ്റികൊടുത്തതിന്റെ നാലു ലക്ഷം രൂപയും ബാദ്ധ്യതയായുണ്ട്.

-ശ്രീലക്ഷ്മി,

പ്രകാശന്റെ മകൾ​

കെ- സ്മാർട്ടിലേക്ക് വിവരങ്ങൾ മാറ്റുന്നതിന്റെ സാങ്കേതിക പ്രശ്നങ്ങൾ കഴിഞ്ഞദിവസം പരിഹരിച്ചു. അപേക്ഷകളുടെ ബാഹുല്യമുണ്ട്. മരണ സർട്ടിഫിക്കറ്റ് കാലതാമസമില്ലാതെ സൈറ്റിൽ ലഭിക്കും.

-ജി.സുധീഷ് കുമാർ,

ഹെൽത്ത് സൂപ്പർവൈസർ,

കൊച്ചി കോർപ്പറേഷൻ