kk

ആലപ്പുഴ: രാജ്യത്തെ മികച്ച ശുചിത്വ നഗരങ്ങളെ തിരഞ്ഞെടുക്കുന്ന ദേശീയ ശുചിത്വ പരിശോധന സർവെയായ സ്വച്ഛ് സർവേഷൻ പ്രകാരം, സംസ്ഥാനത്തെ മികച്ച ശുചിത്വ നഗരമായി ആലപ്പുഴ നഗരസഭയെ തിരഞ്ഞെടുത്തു.

ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മികച്ച ശുചിത്വ നഗരത്തിനുള്ള പുരസ്‌കാരം ആലപ്പുഴ നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഏറ്റുവാങ്ങി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ എ.എസ്.കവിത, നഗരസഭാ സെക്രട്ടറി എ.എം.മുംതാസ്, സ്വച്ഛ് സർവേക്ഷൻ നോഡൽ ഓഫീസർ ജയകുമാർ എന്നിവരും ഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന പുരസ്‌കാരം ഏറ്റുവാങ്ങൽ ചടങ്ങിൽ പങ്കെടുത്തു. ആലപ്പുഴ നഗരസഭ തുടർച്ചയായി ആറാം തവണയാണ് ഒരുലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കൈവരിക്കുന്നത്. നിർമ്മല ഭവനം നിർമ്മല നഗരം, മാലിന്യമുക്ത നവകേരളം ക്യാമ്പയിനുകളിലൂടെ ദേശീയതലത്തിൽ മാതൃകയായ രീതിയിൽ മികച്ച ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, നഗരത്തിലെ തെരുവുകളുടെയും കനാലുകളുടെയും സൗന്ദര്യവത്ക്കരണം, ഇടത്തോടുകളുടെ ശുചീകരണം, എയറോബിക് സംവിധാനങ്ങൾ, ഭവനങ്ങളിൽ ഗാർഹിക ബയോ കമ്പോസ്റ്റർ ബിന്നുകൾ വിതരണം ചെയ്ത് ജൈവ മാലിന്യ സംസ്‌കരണ രംഗത്തും, ഹരിത കർമ്മസേനയെ പ്രവർത്തന നിരതമാക്കി നഗരത്തിലാകെ മിനി എം.സി.എഫ്, എം സി.എഫ്, ആർ.ആർ.എഫ് സംവിധാനങ്ങൾ ഒരുക്കിയും പ്ലാസ്റ്റിക് ഉൾപ്പടെയുള്ള അജൈവ മാലിന്യ സംസ്‌കരണ രംഗത്തും നഗരസഭ കൈവരിച്ച മികവും ഡോക്യുമെൻറേഷനിലൂടെ അപ്ലോഡ് ചെയ്തതും ജനകീയ അഭിപ്രായ സർവ്വേക്കൊപ്പം പുരസ്‌കാര നേട്ടത്തിലേക്കെത്താൻ പരിഗണിക്കപ്പെട്ടു.