
കായംകുളം : ദേവികുളങ്ങര പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നു. കുഴൽക്കിണർ നിർമ്മിക്കാൻ ഫണ്ട് അനുവദിച്ചിട്ടും ഭൂജലവകുപ്പ് നടപടി സ്വീകരിക്കാത്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് ആരോപണമുയരുന്നു. പുതുപ്പള്ളി ലക്ഷം വീട് കോളനി ജലസംഭരണിയോട് ചേർന്ന് പുതിയ കുഴൽകിണർ നിർമ്മിക്കാനാണ് യു.പ്രതിഭ എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചത്. എന്നാൽ ഭൂജലവകുപ്പിൽ നിന്ന് യാതോരു തുടർനടപടിയും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടാങ്കർലോറികളിൽ കുടിവെള്ളം എത്തിക്കുകയായിരുന്നു.
ദേവികുളങ്ങര പമ്പ് ഹൗസിന്റെ കുഴൽക്കിണർ ഉപയോഗശൂന്യമായതിനാൽ 9,10 വാർഡുകളിലാണ് കഴിഞ്ഞദിവസം കുടിവെള്ള വിതരണം മുടങ്ങിയത്. കുഴൽക്കിണർ നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തും എം.എൽ.എയും കത്ത് നൽകിയിരുന്നു. ഇവിടുത്തെ കുഴൽകിണർ നിർമ്മാണം പൂർത്തിയായാൽ ദേവികുളങ്ങരയിലെ കുടിവെള്ളക്ഷാമത്തിന് ഒരുപരിധിവരെ പരിഹാരമാകുമായിരുന്നു.
പ്രയോജനപ്പെടാതെ രണ്ട് കുഴൽക്കിണറുകൾ
പ്രയാർ കെ.എൻ.എം. സ്‌കൂൾ ഗ്രൗണ്ടിൽ ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഒരു കുഴൽക്കിണർ നിർമ്മിച്ച് എട്ട് മാസം പിന്നിട്ടിട്ടും തുടർനടപടികൾ ഉണ്ടായില്ല. മോട്ടോറും പമ്പ് ഹൗസും സ്ഥാപിക്കേണ്ടത് വാട്ടർ അതോറിറ്റിയാണ്. ഇതിന് കരാർ നൽകുന്നതിലെ കാലതാമാസമാണ് കുഴൽക്കിണർ പ്രവർത്തന സജ്ജമാക്കുന്നതിന് കാലതാമസം വരുത്തുന്നത്. ദേവികുളങ്ങര പഞ്ചായത്തിൽ ഏഴ് കുഴൽക്കിണറുകളിൽ നിന്നുള്ള വെള്ളമാണ് പമ്പിംഗ് നടത്തിയിരുന്നത്. ഇതിൽ മുട്ടത്ത് മണ്ണേലുള്ള ഒരു കുഴൽക്കിണറിന്റെ പ്രവർത്തനം മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് നിർത്തിവച്ചു. വടക്കേആഞ്ഞിലിമൂട്ടിൽ മാർക്കറ്റിന് സമീപത്തെ കുഴൽക്കിണറും കാലപ്പഴക്കം കാരണം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല.