ph

കായംകുളം: മഹാകവി കുമാരനാശാൻ അന്ത്യവിശ്രമം കൊള്ളുന്ന പല്ലന കുമാരകോടിയിൽ കവയിത്രിയുടെ പ്രതിഷേധകണ്ണീർ. സ്‌മരകത്തിന്റെ തൊട്ടയൽക്കാരിയായ ബീന കുമാരകോടിയാണ് സ്നേഹഗായകന് മുന്നിൽ ഹൃദയവ്യഥയുമായി എത്തിയത്. പല്ലന കുമാരകോടിയിൽ ജനിച്ചുവളർന്ന് അറിയപ്പെടുന്ന കവയിത്രിയായിട്ടും കുമാരകോടിയിലെ

കവിയരങ്ങിൽ ഇത്തവണയും ക്ഷണമില്ലെന്നതാണ് ബീനയെ സങ്കടത്തിലാക്കിയത്.

പ്രശസ്തരും അപ്രശസ്തരുമായ 33 കവികൾ പങ്കെടുക്കുന്ന കവിയരങ്ങിൽ ഇടം നൽകാത്തതിന്റെ പ്രതിഷേധം മഹാകവിക്ക് മുന്നിൽ കണ്ണീർപൂക്കളായി അവർ ആർപ്പിക്കുകയാണ്.

കുമാരനാശാനെക്കറിച്ച് സ്നേഹഗായകന്റെ ഉയർത്തെഴുന്നേൽപ്പ് എന്ന പേരിൽ കവിതയെഴുതിയിട്ടുള്ള ബീന കുമാരകോടി,​ നാല് കവിതാസമാഹാരങ്ങളും ഒരു ജീവചരിത്രവും എഴുതിയിട്ടുണ്ട്. ഇതിനകം മൂന്നൂറോളം കവിതകൾ രചിച്ചിട്ടുള്ള അവർ,​ ഗാനഗന്ധർവ്വൻ യേശുദാസിന്റെ പിറന്നാൾ കവിതയാണ് അവയിൽ ഏറ്റവും പുതിയത്. മുപ്പത് വർഷത്തോളം ആശാൻ സ്മാരകത്തിലെ കവിയരങ്ങിൽ നിറ സാന്നിദ്ധ്യമായിരുന്നു ബീന.

33 കവികളിൽ ബീനയില്ല!

പല്ലന കുമാരനാശാൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ 17,18 തീയതികളിലാണ് ആശാൻ സ്മൃതി എന്ന പേരിൽ മഹാകവി കുമാരനാശാന്റെ ചരമ ശതാബ്ദി ആഘോഷിക്കുന്നത്. 17ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് കവി സംഗമം. കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്ന കവി സംഗമത്തിൽ നിരവധി കവികൾ പങ്കെടുക്കുമ്പോഴാണ് ബീനയോട് അവഗണന.

കുമാരകോടിയുടെ തൊട്ട് തെക്ക് ആലുംമൂട്ടിൽ വീട്ടിൽ നരേന്ദ്രന്റെയും വിലാസിനിയുടെയും മകളായ ബീന ആദ്യമായി കവിത അവതരിപ്പിച്ചത് പല്ലന കുമാരകോടിയിൽ ആയിരുന്നു. അന്ന് പതിനെട്ട് വയസ്. ബീനയെ ബീനാകുമാരകോടി ആക്കിയത് അന്നത്തെ ആശാൻ സ്മാരക സമിതിയുടെ സെക്രട്ടറി ഇടശ്ശേരി രവിയും പ്രസിഡന്റ്‌ കോമളാലയം ചന്ദ്രനുമാണ്. അവർ എല്ലാവർഷവും കവിത ചൊല്ലാൻ അവസരം നൽകിയിരുന്നു. 30വർഷത്തോളം തുടർച്ചയായി അത് തുടർന്നിട്ടും ഇത്തവണയും കഴിഞ്ഞ തവണയും അവഗണിക്കപ്പെട്ടു. ബീനയുടെ അഞ്ചു പുസ്തകങ്ങളും പ്രകാശനം ചെയ്തത് പല്ലന കുമാരകോടിയിൽ ആശാൻ ചരമ വാർഷിക വേദിയിലായിരുന്നു. രാജീവ് ഗാന്ധിയുടെ ജീവചരിത്രമായ 'സ്വപ്നഭൂമിയിലെ രാജകുമാരൻ' രാഹുൽ ഗാന്ധിക്ക് സമ്മാനിച്ചിരുന്നു.

ആലപ്പുഴ ജില്ലയിൽ തന്നെ 150 ഓളം കവികളുണ്ട്. 136 പേരിൽ നിന്നാണ് 33 പേരെ തിരഞ്ഞെടുത്തത്. സമയ പരിമിതി കാരണമാണ് എല്ലാവരെയും ഉൾക്കൊള്ളിക്കാൻ കഴിയാത്തത്

- രാമപുരം ചന്ദ്രബാബു, ചെയർമാൻ

കുമാരനാശാൻ സ്മാരക സമിതി,പല്ലന.