
അമ്പലപ്പുഴ : സ്ത്രീകളെ ശല്യം ചെയ്യുകയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ. അമ്പലപ്പുഴ തെക്ക്പഞ്ചായത്ത് പതിനൊന്നാം വാർഡ് കറുകത്തറ പാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന തിരുവമ്പാടി സ്വദേശി ഹാഷിം (31) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് വണ്ടാനം കിണറുമുക്കിന് സമീപമായിരുന്നുസംഭവം. നടന്നുപോകുകയായിരുന്ന സ്ത്രീകളെ ശല്യം ചെയ്യുകയും, ഒപ്പമുണ്ടായിരുന്ന പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ കയറി പിടിക്കുകയും ചെയ്തു.
എയ്സ് വാൻ ഡ്രൈവറാണ് ഹാഷിം. പ്രതിയെ റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ എസ്.ഐ വിനോദ് കുമാർ, എസ്.പി.സി.ഒ രാജേഷ് കുമാർ, ടി.വി. ജോസഫ്, കെ.എസ്.അനിൽകുമാർ, എം.കെ.വിനിൽകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.