
ചാരുംമൂട് : റോഡ് നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നത് മൂലം ഒരു വർഷത്തിലധികമായി നാട്ടുകാർക്ക് യാത്രാ ദുരിതം. മെറ്റലുകൾ ഇളകി കിടക്കുന്ന റോഡിന്റെ വശങ്ങളിലുള്ള കോൺക്രീറ്റ് പാളികളും കല്ലുകളും മറ്റും അപകടങ്ങൾക്ക് കാരണമാകുന്നു. പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഒരു വർഷം മുമ്പ് നിർമ്മാണം തുടങ്ങിയ 4 കിലോമീറ്റർ ദൂരമുള്ള വേടരപ്ലാവ് - താമരക്കുളം - മലരിമേൽ ജംഗ്ഷൻ -ചാവടി - പുത്തൻചന്ത - പണയിൽ റോഡിന്റെ നിർമ്മാണമാണ് ഇഴഞ്ഞുനീങ്ങുന്നത്. റോഡ് ഇളക്കിയിട്ട് ആറുമാസത്തിലധികം കഴിഞ്ഞായിരുന്നു മെറ്റലിട്ടത്. പിന്നീട് ഗ്രാവൽ വിരിച്ചിട്ടും മാസങ്ങളാവുന്നു. നിലവിൽ പല ഭാഗങ്ങളിലും മെറ്റൽ ഇളകി കാൽ നടയാത്ര പോലും ദുഷ്കരമാണ്. ഇളക്കിയിട്ട കോൺക്രീറ്റ് പാളികൾ റോഡിന്റെ വശങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നത് വാഹന ഗതാഗതത്തിനും ബുദ്ധിമുട്ടാകുന്നു. റോഡ് നിർമ്മാണം പൂർത്തിയാക്കാനുള്ള കാലാവധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ചത്തിയറപ്പാലം പൊളിച്ചു പണിയാൻ തുടങ്ങിയതിനാൽ വാഹനങ്ങൾ കടന്നുപോകാൻ നിർദ്ദേശിച്ചിട്ടുള്ള റോഡു കൂടിയാണിത്. റോഡിന്റെ വശങ്ങളിലെ തടസങ്ങൾ നീക്കി ടാറിംഗ് ജോലികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.