
മാന്നാർ: വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മണർകാട്, മാലം, താഴത്തെ മുറിയിൽ വീട്ടിൽ കുര്യൻമാത്യു(ബിബിൻ-38)വിനെയാണ് മാന്നാർ പൊലീസ് പിടികൂടിയത്. ഒമാൻ, ദുബായ് എന്നിവിടങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് എണ്ണയ്ക്കാട് സ്വദേശികളായ നാലു പേരിൽ നിന്നായി 2 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. ഫോണിൽ പലതവണ ബന്ധപ്പെട്ടിട്ടും പ്രതികരിക്കാതെ വന്നതോടെ മറ്റൊരു നമ്പറിൽ നിന്ന് വിളിച്ച് കുര്യൻ മാത്യുവിനോട് വിസ ആവശ്യപ്പെടുകയും ഒരുലക്ഷം രൂപ കൂടി നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തുകയായിരുന്നു. മാന്നാറിലെത്തിയ കുര്യൻ മാത്യുവിനെ തടഞ്ഞുവച്ച് അറിയിച്ചതിനെത്തുടർന്ന് തുടർന്ന് മാന്നാർ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അന്വേഷണത്തിൽ ഇയാൾക്കെതിരെ കായംകുളം, പയ്യന്നൂർ, കാസർഗോഡ് സ്റ്റേഷനുകളിൽ സമാനമായ കേസുകളുണ്ടെന്ന് കണ്ടെത്തി. മാന്നാർ പൊലീസ് ഇൻസ്പെക്ടർ ജോസ് മാത്യു, എസ്.ഐ അഭിരാം സി.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.