
പട്ടികജാതി വികസന കോർപ്പറേഷനിലെ ബാദ്ധ്യത ഇന്ന് തീർക്കും
ആലപ്പുഴ: ബാങ്ക് വായ്പ നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കർഷകൻ കെ.ജി. പ്രസാദിന്റെ കുടുംബത്തിന്റെ മുഴുവൻ സാമ്പത്തിക ബാദ്ധ്യതയും നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി ഏറ്റെടുത്തു. പ്രസാദിന്റെ വീടും വസ്തുവും ജപ്തിചെയ്യാൻ പട്ടികജാതി വർഗ കോർപ്പറേഷൻ നോട്ടീസ് നൽകിയത് സംബന്ധിച്ച കേരളകൗമുദി വാർത്ത ബി.ജെ.പി പരിസ്ഥിതി സെൽ സ്റ്റേറ്റ് കോ-കൺവീനറും അപ്പർ കുട്ടനാട് കാർഷിക വികസന സമിതി ചെയർമാനുമായ ഗോപൻ ചെന്നിത്തല സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണിത്.
സുരേഷ് ഗോപിയുടെ നിർദ്ദേശാനുസരണം ഗോപൻ ചെന്നിത്തല ഇന്നലെ പട്ടികജാതി വർഗ വികസന കോർപ്പറേഷനിലെത്തി പ്രസാദിന്റെ ഭാര്യ ഓമനയുടെ പേരിലുള്ള സ്വയം തൊഴിൽ വായ്പ പലിശയും കുടിശ്ശികയും ഉൾപ്പെടെ തിട്ടപ്പെടുത്തി. ഇന്നു രാവിലെ 11 മണിയോടെ ഓഫീസിലെത്തി മുഴുവൻ പണവും അടയ്‌ക്കുമെന്ന് ഗോപൻ ചെന്നിത്തല അറിയിച്ചു. സുരേഷ് ഗോപിയുടെ ഓഫീസും ഇത് സ്ഥിരീകരിച്ചു.
മൈക്രോ ഫിനാൻസ് ലോണുകളും പലിശക്കടങ്ങളും ഉൾപ്പെടെ മുഴുവൻ ബാദ്ധ്യതയും തീർക്കാമെന്ന് സുരേഷ് ഗോപി സമ്മതിച്ചിട്ടുണ്ട്. പ്രസാദിന് പണം കടം നൽകിയവരുമായും മൈക്രോ ഫിനാൻസ് കമ്പനികളുമായും ബന്ധപ്പെട്ട് ബാദ്ധ്യതകൾ തിട്ടപ്പെടുത്തി ഇടപാടുകൾ തീർക്കും. സുരേഷ് ഗോപിയുടെ നിർദ്ദേശാനുസരണം ഗോപൻ ചെന്നിത്തല തകഴി കുന്നുമ്മയിലുള്ള വീട്ടിലെത്തി ഓമനയെയും മക്കളെയും കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. ഓമനയും കുടുംബവും ഇന്ന് പണം അടയ്‌ക്കാനായി ഗോപൻ ചെന്നിത്തലയ്ക്കും ബി.ജെ.പി നേതാക്കൾക്കുമൊപ്പം ആലപ്പുഴയിലെ പട്ടികജാതി വികസന കോർപ്പറേഷൻ ഓഫീസിലെത്തും.
കേരളകൗമുദിക്ക് നൂറ് നന്ദി
ജപ്തി നോട്ടീസ് കിട്ടി എന്തുചെയ്യുമെന്ന് എത്തും പിടിയുമില്ലാതിരിക്കുമ്പോഴാണ് കേരളകൗമുദി ഞങ്ങളെ തിരക്കി വന്നത്. കേരളകൗമുദി വാർത്ത വന്നതിന് പിന്നാലെ നിരവധിപേർ ആശ്വാസവുമായെത്തി. മുംബയിൽ നിന്ന് സുരേഷ് ഗോപിയുടെ ആരാധകൻ കുടിശ്ശികയായ 17,600 രൂപ ഗൂഗിൾ പേയിൽ തന്നു. ഈ പണം കോർപ്പറേഷനിൽ അടയ്ക്കാൻ പോകാനിരിക്കെയാണ് ഗോപൻ ചെന്നിത്തല വന്ന് സുരേഷ് ഗോപിയുടെ വാഗ്ദാനം അറിയിച്ചത്. കേരളകൗമുദിയാണ് ഞങ്ങളെ സഹായിച്ചത്. കേരളകൗമുദിക്ക് നൂറ് നന്ദി.
- ഓമന, പ്രസാദിന്റെ ഭാര്യ